രണ്ടരക്കോടി പ്രതിഫലം വാങ്ങിയിട്ടും സെന്ന ഹെഗ്ഡെ ചിത്രം പദ്മിനിയുടെ സിനിമാ പ്രൊമോഷന് കുഞ്ചാക്കോ ബോബന് എത്തിയില്ലെന്ന നിര്‍മാതാവിന്റെ ആരോപണത്തിന് പിന്നാലെ കുഞ്ചാക്കോ ബോബന് പിന്തുണ. നിര്‍മാതാവ് ഹൗളി പോട്ടൂര്‍ ആണ് പിന്തുണയുമായി രംഗത്തെത്തിയത്. കുഞ്ചാക്കോ ബോബനെ ഇങ്ങനെ കല്ലെറിയരുതെന്നും പൊറിക്കാന് കഴിയാത്ത തെറ്റാണതെന്നും ഹൗളി പോട്ടൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അയാളെ ഇങ്ങനെ കല്ലെറിയരുത്, പൊറുക്കാന്‍ കഴിയാത്ത തെറ്റാണത്, താന്‍ തകര്‍ന്നു പോയ സമയത്ത് തന്നെ വിളിച്ച് സംസാരിച്ച ആളാണ് കുഞ്ചാക്കോ ബോബന് എന്നും ഹൗളി പോട്ടൂര്‍ പറഞ്ഞു.
‘അന്ന് തകര്‍ന്നുപോയ എന്നെ തേടി ഒരു ഫോണ്‍കോള്‍ വന്നു. കുഞ്ചാക്കോ ബോബന്റെ കോള്‍. അന്ന് അയാള്‍ പറഞ്ഞ വാക്ക് ഇന്നും മനസിലുണ്ട്.
‘ചേട്ടാ വിഷമിക്കേണ്ട, ഞാന്‍ ഒപ്പമുണ്ട്. നമുക്കിനിയും സിനിമ ചെയ്യണം. വിളിച്ചാല്‍ മതി. ഞാന്‍ വന്ന് ചെയ്യാം’
അന്ന് ആ വാക്കുകള്‍ തന്ന ആശ്വാസം ചെറുതല്ല. തകര്‍ന്നിരുന്ന എനിക്ക് ഉയിര്‍ത്തെണീക്കാനുള്ള ആത്മവിശ്വാസം അതിലുണ്ടായിരുന്നു,’ ഹൗളി പോട്ടൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
താന്‍ ഇനിയും കുഞ്ചാക്കോ ബോബനുമായി സിനിമ ചെയ്യുമെന്നും അദ്ദേഹം കുറിച്ചു.
രണ്ടര കോടി പ്രതിഫലം വാങ്ങിയ താരം പ്രൊമോഷന്റെ ഭാഗമായില്ലെന്നും എന്നാല്‍ താരം കോ പ്രൊഡ്യൂസര്‍ ആയ ചിത്രത്തിന്റെ പ്രചാരണ പരിപാടികളില്‍ ഇത് സംഭവിക്കില്ലെന്നുമാണ് പദ്മിനിയുടെ നിര്‍മാതാവ് സുവിന് കെ വര്‍ക്കി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
പുറത്തുനിന്നുള്ള പ്രൊഡ്യൂസര്‍ ആകുമ്പോള്‍ ആ ശ്രദ്ധയൊന്നും ഇല്ല. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം യൂറോപ്പില്‍ പോയി കൂട്ടുകാരുമായി ആഘോഷിക്കാനാണ് താത്പര്യമെന്നും സുവിന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഹൗളി പോട്ടൂരിന്റെ പരാമര്‍ശം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
‘അയാളെ ഇങ്ങനെ കല്ലെറിയരുത്, പൊറുക്കാന്‍ കഴിയാത്ത തെറ്റാണത്’
എന്റെ പേര് ഹൗളി പോട്ടൂര്‍. മഞ്ഞുപോലൊരു പെണ്‍കുട്ടി, പളുങ്ക്, പരുന്ത്, ഫോട്ടോഗ്രാഫര്‍, രാപ്പകല്‍ തുടങ്ങി 12 സിനിമകളുടെ നിര്‍മാതാവാണ്. ഒടുവില്‍ ചെയ്ത ചിത്രം ‘ഭയ്യാ ഭയ്യാ’. ഇപ്പോള്‍ രൂക്ഷമായ സൈബര്‍ ആക്രമണം നേരിടുന്ന കുഞ്ചാക്കോ ബോബനായിരുന്നു നായകന്. നിങ്ങള്‍ക്കറിയാം ഭയ്യാ ഭയ്യാ സാമ്പത്തികമായി വിജയമായിരുന്നില്ല. നിര്‍മാതാവ് എന്ന നിലയില്‍ എനിക്ക് വലിയ നഷ്ടം സംഭവിച്ചിരുന്നു.
അന്ന് തകര്‍ന്നുപോയ എന്നെ തേടി ഒരു ഫോണ്‍കോള്‍ വന്നു. കുഞ്ചാക്കോ ബോബന്റെ കോള്‍. അന്ന് അയാള്‍ പറഞ്ഞ വാക്ക് ഇന്നും മനസിലുണ്ട്.
‘ചേട്ടാ വിഷമിക്കേണ്ട, ഞാന്‍ ഒപ്പമുണ്ട്. നമുക്കിനിയും സിനിമ ചെയ്യണം. വിളിച്ചാല്‍ മതി. ഞാന്‍ വന്ന് ചെയ്യാം’
അന്ന് ആ വാക്കുകള്‍ തന്ന ആശ്വാസം ചെറുതല്ല. തകര്‍ന്നിരുന്ന എനിക്ക് ഉയിര്‍ത്തെണീക്കാനുള്ള ആത്മവിശ്വാസം അതിലുണ്ടായിരുന്നു.
ഒന്നേ പറയുന്നുള്ളൂ. ഞാന്‍ ഇനിയും സിനിമ ചെയ്യും. അതില്‍ കുഞ്ചാക്കോ ബോബനും ഉണ്ടായിരിക്കും.
സ്നേഹത്തോടെ
ഹൗളി പോട്ടൂര്‍