ആറുമാസങ്ങൾക്ക് മുമ്പ് ഒരു എൺപത്തിയേഴുവയസ്സുകാരൻ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓഫീസിലേക്ക് എത്തുന്നു. അസോസിയേഷനു മുന്നിൽ അജ്ഞാതർ ഇറക്കിവിട്ടതാണ്. വിസയില്ല പാസ്പോർട്ടില്ല മറ്റു താമസ രേഖകളൊന്നും കൈവശമുണ്ടായിരുന്നില്ല. ഓർമ്മകൾ നഷ്ടമായ അദ്ദേഹം താൻ ഏതു രാജ്യക്കാരനാണെന്ന് പോലും മറന്നുപോയിരുന്നു..ഓർത്തെടുക്കാനായത് പേര് മാത്രം… ഞാൻ റഷിദ് അൻവർ ധാർ…. ഡോക്ടറാണ്. പ്രായമായ ആ മനുഷ്യനെ പറഞ്ഞു വിടാതെ അസോസിയേഷൻ അധികൃതർ അയാൾക്ക് അഭയം നൽകി. തത്കാലം താമസിക്കാൻ സ്ഥലമൊരുക്കി കൊടുത്തു.
അടുത്ത ദിവസങ്ങളിൽ ദുബൈയിൽ ജോലിചെയ്ത ചില ആശുപത്രികളുടെ പേര് പറഞ്ഞെങ്കിലും അന്വേഷണത്തിൽ അങ്ങനെയൊരു ഡോക്ടർ അവിടെയൊന്നും ജോലി ചെയ്തിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. എങ്കിലും അസോസിയേഷൻ അധികൃതർ അന്വേഷണം തുടർന്നു. ആറ് മാസത്തോളം ആ അന്വേഷണം നീണ്ടു. അൻവർ ധാറിൻ്റെ അടുത്ത ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമമായിരുന്നു പിന്നീട്. ഇയാൾക്ക് ഗൾഫിലൊന്നും കുടുംബക്കാരില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. പേരിന് അവസാനമുള്ള ധർ എന്ന കുടുംബ പേരായിരുന്നു ആകെയുള്ള കച്ചിതുരുമ്പ്.
അസോസിയേഷൻ ഭാരവാഹികളായ നിസാർ തളങ്കരയും ശ്രീപ്രകാശും ഒടുവിൽ ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ്റെ സഹായം തേടി… ധർ എന്ന കുടുംബപേര് തേടിയുള്ള അന്വേഷണം ചെന്നവസാനിച്ചത് കശ്മീരിൽ.. അങ്ങനെ ശ്രീനഗറിലെ ഒരു ഉൾഗ്രാമമാണ് റഷീദിന്റെ സ്വദേശമെന്ന് കണ്ടെത്തി. പേരുപറഞ്ഞപ്പോൾ അദ്ദേഹം ജീവിച്ചിരുപ്പുണ്ടെന്ന ഉറപ്പുപോലും കുടുംബത്തിനുണ്ടായിരുന്നില്ല. കാരണം നാൽപത്തിയഞ്ചു വർഷം മുമ്പ് ജോലി തേടി ഗൾഫിൽ പോയ റഷിദിനെ അവർ മറന്നുപോയിരുന്നു. എന്നിരുന്നാലും ഒർമ്മകളടക്കം സകലതും നഷ്ടമായി ജീവച്ഛവമായിരിക്കുന്ന അദ്ദേഹത്തെ സ്വീകരിക്കാൻ തയാറാണെന്ന് കുടുംബം സന്തോഷപൂർവം അറിയിച്ചു.
വൈകാതെ ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ട് പുതിയ പാസ്പോർട്ടും യാത്രാ രേഖകളും ലഭ്യമാക്കി. ചികിത്സകൾക്കൊടുവിൽ യാത്ര ചെയ്യാനുള്ള ആരോഗ്യം വീണ്ടെടുത്ത എൺപത്തിയേഴുകാരൻ നാൽപത്തിയഞ്ചുവർഷത്തിനു ശേഷം നാട്ടിലേക്ക് മടങ്ങി. ഷാർജ ഇന്ത്യൻ അസോസിയേഷൻ അംഗം പ്രഭാകരൻ റഷീദിനെ കശ്മീരിലെ വീട്ടിലെത്തി സഹോദരന് കൈമാറി. അപ്പോഴാണ് അറിയുന്നത് കേരളത്തിലെ ഒരു രാജകുടുംബത്തിൽ നിന്നുള്ള സ്ത്രീയായിരുന്നു റഷീദിന്റെ ഭാര്യയെന്ന്. അവർ വർഷങ്ങൾക്കു മുൻപെ മരിച്ചുപോയി. അങ്ങനെ എല്ലാ പ്രതീക്ഷകളും അസ്ഥമിച്ച് പ്രവാസലോകത്ത് കഴിഞ്ഞ റഷീദ് അൻവർ ധാറിന് ജീവിത സായാഹ്നം സ്വന്തം മണ്ണിൽ. നാലര പതിറ്റാണ്ടിനുശേഷം അവർ ഒരുമിച്ചിരുന്നു പെരുന്നാൾ ആഘോഷിക്കട്ടെ.. അല്ലെങ്കിലും സാമൂഹിക ബന്ധത്തിന്റെ കണ്ണികൾ വിളക്കി ചേർക്കാനുള്ള മാസം കൂടിയല്ലേ റമളാൻ കാലം.