ഷാർജ: ഷാർജയിലെ റസിഡൻഷ്യൽ ഏരിയകളിൽ ഒറ്റയ്ക്ക് താമസിക്കുന്നവർക്കും അവിവാഹിതർക്കും കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തി. ചൊവ്വാഴ്ച ചേർന്ന എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്.
ഷാർജ കിരീടാവകാശിയും ഷാർജ ഉപഭരണാധികാരിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ അധ്യക്ഷതയിൽ ചേർന്ന ഷാർജ എക്‌സിക്യൂട്ടീവ് കൗൺസിൽ (എസ്‌ഇസി) പ്രതിവാര യോഗത്തിൽ ഷാർജയിലെ റെസിഡൻഷ്യൽ മേഖലകളിൽ അവിവാഹതിർക്കും തനിച്ചും താമസിക്കുന്നവർക്കും ഇടം നൽകുന്നത് സംബന്ധിച്ച വിശദമായ ചർച്ചകൾ നടന്നു.
തനിച്ചു താമസിക്കുന്നവരുടെ എണ്ണം സംബന്ധിച്ചും നിലവിൽ താമസസൗകര്യം ലഭിക്കാനുള്ള നിയമങ്ങൾ എന്താണെന്നും വിശദീകരിക്കുന്ന സമീപകാല റിപ്പോർട്ട് കൗൺസിൽ അവലോകനം ചെയ്തു. യോഗത്തിൽ പങ്കെടുത്ത വിവിധ സർക്കാർ ഏജൻസികളുടെ പ്രതിനിധികൾ അവിവാഹിതരുടെ പാർപ്പിടങ്ങൾ അനുവദിക്കുന്നതിൽ അഭിപ്രായം അറിയിക്കുകയും ചില നിർദേശങ്ങൾ മുന്നോട്ട് വയ്ക്കുകയും ചെയ്തു. ഇതിനു ശേഷമാണ് റെസിഡൻഷ്യൽ മേഖലകളിൽ ബാച്ച്ലേഴ്സിനെ അനുവദിക്കുന്നതിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനമുണ്ടായത്.
ഷാർജയിൽ ചില റെസിഡൻഷ്യൽ ഏരിയകൾ കുടുംബങ്ങൾക്ക് മാത്രമുള്ളതാണ്. കൂടാതെ ഈ പ്രദേശങ്ങളിൽ ബാച്ചിലർമാരാരും താമസിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ അധികാരികൾ പതിവായി പരിശോധനകൾ നടത്താറുമുണ്ട്. സമീപ വർഷങ്ങളിൽ ഈ നിയമങ്ങൾ ലംഘിച്ചതിന് ആയിരക്കണക്കിന് അവിവാഹിതരെ അവരുടെ താമസസ്ഥലങ്ങളിൽ നിന്ന് പുറത്താക്കിയിരുന്നു.
ഷാർജയിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ അവലോകനവും യോഗത്തിൽ നടന്നു. എമിറേറ്റിൽ കൂടുതൽ ഹരിത ഇടങ്ങൾ സ്ഥാപിക്കാനുള്ള പദ്ധതികളും യോഗത്തിൽ ചർച്ചയായി. വിനോദസഞ്ചാര മേഖലയുടെ വികസനം സംബന്ധിച്ചും യോഗത്തിൽ വിശദമായ ആലോചനകൾ നടന്നു.