കൊച്ചി: പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പൊലീസ് സ്റ്റേഷൻ ഭയം ഉണ്ടാക്കുന്ന സ്ഥലമാവരുതെന്നും സർക്കാർ ഓഫീസ് പോലെയാകണമെന്നും ഹൈക്കോടതി പറഞ്ഞു. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ വിമർശനം.
ഹൈക്കോടതിയിൽ ഓൺലൈനായി ഹാജരായ ഡിജിപി ഷെയ്ഖ് ദര്‍വേസ് സാഹിബിനാണ് ഹൈക്കോടതി കര്‍ശന നിര്‍ദ്ദേശം നൽകിയത്.പൊലീസ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ ഡിജിപിക്ക് സാധിക്കണമെന്നും പുതിയ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ പരിശീലനം നൽകണമെന്നും കോടതി പറഞ്ഞു.പൊലീസ് സ്റ്റേഷൻ ഭയമുളവാക്കുന്ന സ്ഥലമാകരുത്. മറ്റേതൊരു സര്‍ക്കാര്‍ ഓഫീസും പോലെയാകണം. എത്ര പ്രകോപനം ഉണ്ടായാലും മാന്യമായി പെരുമാറാൻ പൊലീസിന് സാധിക്കണം. പൊലീസ് സേനയുടെ പ്രവര്‍ത്തനം സുതാര്യമാകണമെന്നും കോടതി ആവശ്യപ്പെട്ടു.
പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന കാര്യങ്ങൾ തിരുത്തുമെന്നും, ഭൂരിപക്ഷം ഉദ്യോഗസ്ഥരും നല്ല സ്വഭാവം ഉളളവരാണെന്നും ഡിജിപി മറുപടി നൽകി.ആലത്തൂര്‍ കേസിൽ എസ്ഐ റനീഷിനെതിരെ കൂടുതൽ തെളിവുകൾ ഹാജരാക്കാൻ ഹർജിക്കാരോട് കോടതി ആവശ്യപ്പെട്ടു.