കൊച്ചി: ആർഎംപി നേതാവ് ടിപി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ ശിക്ഷ കടുപ്പിച്ച് ഹൈക്കോടതി. ആറ് പ്രതികളുടെ ജീവപര്യന്തം തടവ് ശിക്ഷ ഇരട്ടജീവപര്യന്തമാക്കി ഉയർത്തിയ കോടതി. പുതുതായി കേസിൽ പ്രതി ചേർക്കപ്പെട്ട കെ കെ കൃഷ്ണനും ജ്യോതിബാബുവിനും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.
20 വർഷത്തെ തടവ് ശിക്ഷയ്ക്ക് ശേഷം മാത്രം പ്രതികൾക്ക് ഇളവ് അനുവദിച്ചാൽ മതിയെന്നും കോടതി വിധിയിൽ പറയുന്നുണ്ട്. ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് കൗസർ എടപ്പഗത്തും അടങ്ങിയ ബെഞ്ചിന്റേതാണ് വിധി. നിലവിൽ 12 വർഷത്തോളം ജയിലിൽ കഴിഞ്ഞ പ്രതികൾക്ക് അടുത്ത എട്ട് വർഷത്തേക്ക് പരോൾ അനുവദിക്കരുതെന്നും ഹൈക്കോടതി വിധിച്ചിട്ടുണ്ട്.
എംസി അനൂപ്, കൊടി സുനി, കിർമാണി മനോജ്, ടികെ രജീഷ്, മുഹമ്മദ് ഷാഫി എന്നിവർക്കെതിരെയാണ് ഗൂഢാലോചന കുറ്റം ചുമത്തി അധിക ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. ആറാം പ്രതി അണ്ണൻ സിജിത്തിൻ്റെ ശിക്ഷ കോടതി ഉയർത്തിയില്ല. എന്നാൽ ഏഴാം പ്രതി സിനോജിൻ്റെ ശിക്ഷ ജീവപര്യന്തം തടവാക്കി ഉയർത്തി. പരോളിലിറങ്ങിയ പ്രതികൾ പലതരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവെന്ന് കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് ഇവരുടെ പരോൾ വ്യവസ്ഥകൾ കോടതി കടുപ്പിച്ചത്. അതേസമയം പുതുതായി പ്രതി ചേർക്കപ്പെട്ട കെകെ കൃഷ്ണനും ജ്യോതിബാബുവിനും അവരുടെ പ്രായവും ആരോഗ്യസ്ഥതിയും കണക്കിലെടുത്ത് പരോളിന് അപേക്ഷിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
കേസിൻ്റെ വിചാരണയ്ക്കിടെ പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി ചോദ്യം ചെയ്തിരുന്നു. ഹൈക്കോടതി പുതുതായി കുറ്റക്കാരെന്ന് കണ്ടെത്തിയ കെ കെ കൃഷ്ണനും ജ്യോതിബാബുവും നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരാണ്. എന്തുകൊണ്ടാണ് പ്രായമുള്ള പ്രതികൾക്ക് വധശിക്ഷ വേണമെന്ന് ആവശ്യപ്പെടുന്നതെന്നും കോടതി പ്രോസിക്യൂഷനോട് ചോദിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് വധശിക്ഷ വിധിക്കണമെന്നാണ് സുപ്രീംകോടതി പറഞ്ഞിട്ടുള്ളതെന്നും ഹൈക്കോടതി വ്യക്തമാക്കി.