ഹാദിയ കേസിലെ നടപടികള്‍ അവസാനിപ്പിച്ച് ഹൈക്കോടതി. പിതാവ് അശോകന് നല്കിയ ഹേബിയസ്് കോര്‍പ്പസ് ഹര്‍ജിയിലെ നടപടികളാണ് കോടതി അവസാനിപ്പിച്ചത്. ഹാദിയ നിയമവിരുദ്ധ തടങ്കലില്ലെന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് നടപടികള്‍ കോടതി അവസാനിപ്പിച്ചത്.
ഹാദിയ പുനര്‍വിവാഹം കഴിച്ച ശേഷം ഇപ്പോള്‍ തിരുവനന്തപുരത്ത് താമസിക്കുകയാണെന്ന് സര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചിരുന്നു. തന്നെ ആരും തടങ്കലില്‍ പാര്‍പ്പിച്ചിട്ടില്ലെന്ന് ഹാദിയയുടെ മൊഴിയും കോടതിയില്‍ ഹാജരാക്കിയിരുന്നു.
മലപ്പുറത്തെ സൈനബ എന്ന വ്യക്തി തന്റെ മകളെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് കാണിച്ചായിരുന്നു ഹാദിയയുടെ പിതാവ് അശോകന് കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സമര്‍പ്പിച്ചത്. മകളെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ല എന്നും മകളുടെ ക്ലിനിക്ക് പൂട്ടിക്കിടക്കുകയാണെന്നുമായിരുന്നു അശോകന്റെ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.
കഴിഞ്ഞ ദിവസം ഈ ഹര്‍ജി പരിഗണിക്കുമ്പോള്‍ മലപ്പുറം എസ്പിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കോടതി വിശദാംശങ്ങള്‍ ആരാഞ്ഞ് നോട്ടീസ് അയച്ചിരുന്നു. ഈ റിപ്പോര്‍ട്ട് പ്രകാരം ഹാദിയ ആരുടെയും കസ്റ്റഡിയില്‍ അല്ല എന്നാണ് ഈ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നടപടികള്‍ അവസാനിപ്പിച്ചത്.