മോന്സണ് മാവുങ്കാൽ സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി പ്രെസിഡന്റ് കെ.സുധാകരന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി സുധാകരനോട് ആവശ്യപ്പെട്ടു. സുധാകരനെ അറസ്റ്റ് ചെയ്താൽ 50000 രൂപയുടെ ആൾജാമ്യത്തിൽ വിടണമെന്നും കോടതി നിർദേശിച്ചു. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയത്.
സുധാകരനെതിരെ ഡിജിറ്റൽ തെളിവുകളുണ്ടെങ്കിലും അറസ്റ്റ് ചെയ്യാൻ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ഇത് സംബന്ധിച്ച തീരുമാനമെടുക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണെന്നും പ്രോസിക്യൂഷൻ പറഞ്ഞു. അതേ സമയം അറസ്റ്റുണ്ടായാൽ 50000 രൂപയുടെ ബോണ്ടിലും ഇതേ തുകയ്ക്ക് രണ്ട് പേരുടെ ഉറപ്പിലും സുധാകരനു ജാമ്യം അനുവദിക്കണമെന്നാണ് കോടതി വിധി. ഈ മാസം 23 നു ചോദ്യം ചെയ്യലിനായി ഹാജരാകാൻ ക്രൈംബ്രാഞ്ച് സുധാകരന് നോട്ടീസ് അയച്ചിട്ടുണ്ടെന്നും സർക്കാർ ഹൈ കോടതിയെ അറിയിച്ചിരുന്നു.
ഇതിനിടയിൽ ഡിജിപി ,എഡിജിപി,മുൻ ഡിജിപി എന്നിവർക്കൊപ്പമുള്ള മോന്സണ് മാവുങ്കലിന്റെ ദൃശ്യങ്ങൾ സുധാകരൻ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇവർ മോൺസണിന്റെ അടുത്ത സുഹൃത്തുക്കളാണെന്നും വീട്ടിലെ സ്ഥിരം സന്ദർശകരാണെന്നുമാണ് സുധാകരൻ കോടതിയെ അറിയിച്ചത്.