തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവിൽപനശാലകളിൽ നല്ല തിരക്ക്. ഒന്നാം തീയതി പ്രമാണിച്ചുള്ള പതിവ് അവധിയും കൂടാതെ ഗാന്ധിജയന്തിയും ഒത്തുവന്നതോടെ തുടർച്ചയായി രണ്ട് ദിവസം സംസ്ഥാനത്തെ മദ്യവിൽപനശാലകളിൽ അവധിയാണ്. ഇതോടെയാണ് അടുത്ത രണ്ട് ദിവസത്തേക്കുള്ള മദ്യം സ്റ്റോക്ക് ചെയ്യാനുള്ള നീണ്ട ക്യൂ മദ്യവിൽപനശാലകളിൽ ഇന്ന് ദൃശ്യമായത്.
ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപനയാണ് ഇക്കുറി കേരളത്തിലുണ്ടായത്. ഇതിന് പുറമേയാണ് മാസത്തിലെ അവസാനദിവസം വീണ്ടും കനത്ത കച്ചവടത്തിന് വഴിയൊരുങ്ങുന്നത്. ഫലത്തിൽ സർക്കാരിന് മദ്യവിൽപനയിൽ ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കി തന്ന മാസമായിട്ടാവും ഈ സെപ്തംബർ ചരിത്രത്തിൽ ഇടം നേടുക. സ്വകാര്യ ബാറുകൾക്കും മദ്യവിൽപന നേട്ടമാവും.
അതേസമയം ഈ വരുന്ന ഒക്ടോബർ 31 ദീപാവലിക്കും ബെവ്കോയ്ക്കും കണ്‍സ്യൂമർഫെഡിനും അവധിയാണ്. അടുത്ത ദിവസമായ നവംബർ ഒന്നിനും പതിവ് അവധി വരുന്നതോടെ ഫലത്തിൽ വീണ്ടും രണ്ട് ദിവസം കേരളത്തിൽ മദ്യഅവധി ആവർത്തിക്കും.
818.21 കോടിയുടെ മദ്യമാണ് ഇക്കുറി കേരളത്തിൽ വിറ്റത്. 809 കോടിയായിരുന്നു കഴിഞ്ഞ വർഷത്തെ കണക്ക്. ഈ ഓണക്കാലത്തിൻ്റെ തുടക്കത്തിൽ മദ്യവിൽപന മുൻവർഷങ്ങളേക്കാൾ പിന്നിലായിരുന്നു. 14 കോടിയുടെ കുറവ്. എന്നാൽ ഉത്രാടദിനത്തിൽ മദ്യവിൽപന പൊടിപൊടിച്ചു. ഉത്രാടദിന കച്ചവടം മാത്രം 124 കോടി രൂപയുടേതായിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ നാല് കോടി അധികം. നാലാം ഓണത്തിനും കച്ചവടം തകൃതിയായതോടെ പതിവ് പോലെ ഈ കൊല്ലവും റെക്കോർഡ് തിരുത്തപ്പെട്ടു.