ദുബായ്: യുഎഇയിൽ ഇന്നും കനത്ത മഴ തുടരുന്നു. എല്ലാ എമിറേറ്റുകളിലും കഴിഞ്ഞ മണിക്കൂറുകളിൽ നല്ല മഴ കിട്ടിയെന്നാണ് റിപ്പോർട്ട്. ദുബായിൽ കനത്ത മഴ തുടരുന്നതിനാൽ ഫെബ്രുവരി 13 ചൊവ്വാഴ്ച സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചു. യുഎഇയിലെ സ്വകാര്യ കമ്പനികളോട് ജീവനക്കാർക്കെല്ലാം വർക്ക് ഫ്രം ഹോം അനുവദിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. യുഎഇ മാനവവിഭവശേഷി മന്ത്രാലയമാണ് ഇതു സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്.
ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ നിർദേശപ്രകാരം ദുബായിലെ സർക്കാർ ജീവനക്കാർക്കെല്ലാം നാളെ വർക്ക് ഫ്രം അനുവദിച്ചു. അടിയന്തര ജോലികൾ ചെയ്യേണ്ടവർ മാത്രം ഓഫീസിൽ എത്തിയാൽ മതിയാവും. ഫെബ്രുവരി 13ന് എല്ലാ സർക്കാർ സ്കൂളുകളിലും വിദൂര പഠനം തുടരുമെന്ന് യുഎഇ വിദ്യാഭ്യാസ അതോറിറ്റിയും പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ പ്രക്ഷുബ്ധമായ കാലാവസ്ഥ കണക്കിലെടുത്താണ് എമിറേറ്റ്സ് എജ്യുക്കേഷൻ ഫൗണ്ടേഷൻ്റെ തീരുമാനം.
അതേസമയം കനത്ത രീതിയിലുള്ള ആലിപ്പഴ വർഷം കാരണം യുഎഇയിൽ പലയിടത്തും ജനങ്ങൾ ദുരിതത്തിലാണ്. നിരവധി വാഹനങ്ങളാണ് ആലിപ്പഴം പെയ്തു വീണതോടെ തകർന്നത്. നിരവധി വാഹനങ്ങളുടെ ചില്ല് തകരുകയും പുറം പാളിയിൽ ചതവുണ്ടാവുകയും ചെയ്തു. വീടുകളുടേയും കടകളുടേയും ഫ്ളാറ്റുകളുടേയും ജനലുകളും വാതിലുകളും മേൽക്കൂരയുമെല്ലാം ആലിപ്പഴവീഴ്ചയിൽ തകർന്നു.