ചെന്നൈ: തമിഴ്നാട്ടിൻ്റെ കിഴക്കൻ മേഖലകളിൽ കനത്ത മഴ. തൂത്തുക്കുടിയടക്കമുള്ള ജില്ലകളിലാണ് ഇടിയോട് കൂടിയ ശക്തമായ മഴ പെയ്തത്. വെള്ളിയാഴ്ച പുലർച്ചെയുണ്ടായ കനത്ത മഴയിൽ പലഭാഗങ്ങളിലും വെള്ളക്കെട്ടുണ്ടായി. റോഡുകളിലും വെള്ളം കയറിയതോടെ യാത്രക്കാരും ബുദ്ധിമുട്ടിലായി. കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ പെയ്തിരുന്നു.
അതേസമയം തമിഴ്നാട്, പുതുച്ചേരി, കേരളം എന്നിവിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അതേസമയം അടുത്ത അഞ്ച് ദിവസം ആന്ധ്രാപ്രദേശ്, കേരളം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥ തുടരാനാണ് സാധ്യത.
മാർച്ച് പകുതിക്ക് ശേഷം കേരളത്തിൽ മഴ ലഭിക്കുമെന്ന് പ്രവചനമുണ്ടായിരുന്നുവെങ്കിലും കാര്യമായ മഴ എത്തിയിരുന്നില്ല. പല ജില്ലകളിലും ശരാശരിക്കും മുകളിലായിരുന്നു താപനില. കനത്ത ചൂടിൽ വലഞ്ഞ ജനങ്ങൾ വേനൽമഴയ്ക്കായുള്ള കാത്തിരിപ്പിലാണ്. ഏപ്രിലിലെങ്കിലും കാര്യമായ മഴയെത്തും എന്നാണ് പലരുടേയും പ്രതീക്ഷ.