ദുബായ്: സൗദ്ദി അറേബ്യയിൽ ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. റിയാദ്, ജിദ്ദ തുടങ്ങി രാജ്യത്തെ വിവിധ നഗരങ്ങളിൽ ഉടനീളം കനത്ത മഴയാണ് കഴിഞ്ഞ മണിക്കൂറുകളിൽ ലഭിച്ചത്. പ്രതികൂല കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ, റിയാദ്, ഖാസിം, ഹഫ്ർ അൽ ബത്തീൻ തുടങ്ങി നിരവധി പ്രദേശങ്ങളിൽ ചൊവ്വാഴ്ച സ്കൂളുകളും സർവകലാശാലകളും ക്ലാസുകൾ നിർത്തിവച്ചിരിക്കുകയാണ്.
വടക്കൻ തബൂക്ക് മേഖലയിൽ കനത്ത മഴയ്ക്ക് സാധ്യത മുൻനിർത്തി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റ്, ആലിപ്പഴവർഷം, വെള്ളപ്പൊക്കം, ദൂരക്കാഴ്ച കുറയൽ എന്നിവയ്ക്ക് സാധ്യതയുളളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും ബുധനാഴ്ച വരെ മഴ തുടരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. മദീന, തബൂക്ക്, മക്ക, വടക്കൻ, തീരപ്രദേശങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിലും ജാഗ്രതാ നിർദേശമുണ്ട്. തീർത്ഥാടന കേന്ദ്രമായ മക്കയിലും കനത്ത മഴയ്ക്കുള്ള സാധ്യത പ്രവചിക്കപ്പെട്ടിട്ടുണ്ട്.