ദുബൈ: റാസ് അൽ ഖൈമയിലെ ജെബെൽ ജയിസിൽ വ്യാഴ്ച ഉച്ചമുതൽ തുടങ്ങിയ കനത്ത മഴയും ഇടിമിന്നലും രാത്രിയിലും തുടരുകയാണ്. മഴ കനക്കാനുള്ള സാഹചര്യം കണക്കിലെടുത്ത് തൊഴിലാളികളുടെ പ്രവൃത്തി സമയം ക്രമീകരിക്കണമെന്ന് രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളോട് മാനവ വിഭവശേഷി മന്ത്രാലയം ആവശ്യപ്പെട്ടു.

എമിറൈറ്റ്സ് റോഡ് ഇ 611 ൽ ശക്തമായ മിന്നലുണ്ടായതായി ദുബൈയിലെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച രാവിലെ എട്ട് മണി വരെ രാജ്യത്താകമാനം മേഘാവൃത്തമായ കാലാവസ്ഥ തുടരാനാണ് സാധ്യതയെന്നും മഴ തുടരുമെന്നും കാലാവസ്ഥാ മുന്നറിയിപ്പിൽ പറയുന്നു. ജെബൽ ജയിസിൽ വ്യാഴാഴ്ച രാവിലെ 13.9 ഡിഗ്രീ സെൽഷ്യസ് താപനിലയാണ് അനുഭവപ്പെട്ടത്. അൽ ദാഫ്ര മേഖലയിലെ ജബൽ അൽ ദാനയിൽ ഇതേ സമയം 35.7 ഡിഗ്രീ സെൽഷ്യസ് ചൂട് രേഖപ്പെടുത്തി.

ശനിയാഴ്ചയും ഞായറാഴ്ചയും മൂടിക്കെട്ടിയ കാലാവസ്ഥ തുടരാനാണ് സാധ്യത എന്നാണ് പ്രവചനം. മഴ സാധ്യത കണക്കിലെടുത്ത് ഇന്നും നാളെയുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം യെല്ലോ, ഓറഞ്ച് അലർട്ടുകൾ പുറപ്പെടുവിച്ചിരുന്നു. നവംബർ മാസങ്ങളിൽ യുഎഇയിൽ പൊതുവെ മഴ സാധാരണമാണ്.
View this post on Instagram
