മനാമ: ജിസിസിയിലാകെ പെയ്യുന്ന മഴയിൽ വലഞ്ഞ് ബഹ്റൈനിലെ ജനങ്ങളും. കഴിഞ്ഞ ദിവസം രാത്രി തുടങ്ങിയ മഴ ജനജീവിതത്തെ സാരമായി ബാധിച്ചു. ബഹ്റൈനിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടത് ഗതാഗതതടസ്സമുണ്ടാക്കി.
രാത്രി കാറുകളും മറ്റു വാഹനങ്ങളും പാർക്ക് ചെയ്തു പോയ പലർക്കും രാവിലെ തിരികെയത്തിയപ്പോൾ വാഹനം വെള്ളത്തിൽ കിടക്കുന്നതാണ് കാണേണ്ടി വന്നത്. നിരവധി വാഹനങ്ങൾ വെള്ളക്കെട്ടിൽ മുങ്ങിയ സംഭവങ്ങളും റിപ്പോർട്ട് ചെയ്തു. കനത്ത മഴയിലും കാറ്റിലും കെട്ടിടാവശിഷ്ടങ്ങളും മരങ്ങളും പതിച്ചും വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചു. പലരും ട്രക്കുകളും മറ്റും വരുത്തിയാണ് വാഹനങ്ങൾ കെട്ടിവലിച്ചു മാറ്റിയത്.
തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതുയള്ളതായി നേരത്തെ തന്നെ ബഹ്റൈൻ ദേശീയ കാലാവാസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. നനഞ്ഞ വൈദ്യുതി ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ ജാഗ്രത വേണമെന്നും വൈദ്യുതി തടസ്സത്തിന് സാധ്യതയുള്ളതിനാൽ ബാറ്ററി ടോർച്ചുകൾ കൈവശം കരുതണമെന്നും അധികൃതർ പറഞ്ഞു.