തൃശ്ശൂർ:പശ്ചിമ ബംഗാൾ ഗവർണർ സി.വി ആനന്ദബോസായിരുന്നു സമപ്പർണ ചടങ്ങിലെ മുഖ്യാതിഥി. പ്രവാസി വ്യവസായിയും വെൽത്ത് ഐ ഗ്രൂപ്പ് ഓഫ് കമ്പനീസ് സി.ഇ. ഒയുമായ അങ്ങാടിപ്പുറം സ്വദേശി വിഘ്നേശ് വിജയകുമാർ മേനോനാണ് ക്ഷേത്രത്തിലേക്ക് വഴിപാടായി മുഖണ്ഡപവും നടപ്പുരയും നിർമ്മിച്ചത്.
ചടങ്ങിൽ ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ, ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, വെൽത്ത് ഐ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ വിജയകുമാർ മേനോൻ, ക്ഷേത്രം അഡ്മിനിസ്ട്രേറ്റർ കെ.വി വിനയൻ, കടലുണ്ടി ഷിജു പണിക്കർ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ വിഘ്നേഷ് വിജയകുമാറിനെയും ശില്പി എള്ളവള്ളി നന്ദനേയും ഗുരുവായൂർ ദേവസ്വം ആദരിച്ചു.സമർപ്പണ ചടങ്ങിന്റെ ഭാഗമായി ഞെരളത്ത് ഹരിഗോവിന്ദന്റെ സോപാനസംഗീത പരിപാടി അരങ്ങേറി. നൂറിലേറെ വാദ്യ കലാകാരന്മാർ അണിനിരന്ന സ്പെഷ്യൽ തായമ്പക മേളവും നടന്നു.
കേരളീയ വാസ്തുശൈലിയുടെ അനുപമ സൗന്ദര്യത്തിന് ഉദാഹരണമാണ് ഗുരുവായൂർ കിഴക്കേനടയിലെ പുതിയ അലങ്കാര ഗോപുരവും നടപ്പന്തലും.
ചെമ്പിൽ വാർത്തെടുത്ത മൂന്ന് താഴികക്കുടങ്ങളോട് കൂടിയതാണ് മുഖമണ്ഡപം. ഈ താഴികക്കുടങ്ങൾക്ക് അഞ്ചരയടി ഉയരമുണ്ട്. ഇത്രയും വലിയ താഴികക്കുടങ്ങൾ ഗോപുരങ്ങളിൽ സ്ഥാപിക്കുന്നതും അപൂർവ്വമാണ്. മാന്നാർ പി.കെ. രാജപ്പൻ ആചാരിയും സംഘവുമാണ് താഴികകക്കുടങ്ങൾ നിർമ്മിച്ചത്. മൂന്ന് താഴിക്കകുടങ്ങളിൽ നിറയ്ക്കാനായി ഏതാണ്ട് 93 കിലോ ഞവരനെല്ലാണ് വേണ്ടി വന്നത്.
മുഖമണ്ഡപത്തിന് താഴെ തട്ടിൽ ആഞ്ഞിലിമരത്തിൽ ആഞ്ഞിലിമരത്തിൽ അഷ്ടദിക് പാലകർ, ബ്രഹ്മാവ്, വ്യാളീരൂപങ്ങൾ എന്നിവ മനോഹരമായി കൊത്തിയെടുത്തിട്ടുണ്ട്.മുഖമണ്ഡപത്തിൻ്റെ തൂണുകളിൽ ചതുർ ബാഹുരൂപത്തിലുള്ള ശ്രീഗുരുവായൂരപ്പൻ, വെണ്ണക്കണ്ണൻ, ദ്വാരപാലകർ എന്നിവരുടെ ശില്പങ്ങളും കാണാം.കിഴക്കേനടയിൽ സത്രപ്പടി മുതൽ അപ്സര ജംഗ്ഷൻ വരെ നീളുന്നതാണ് മുഖമണ്ഡപത്തിന് അനുബന്ധമായി വരുന്ന നടപ്പന്തൽ. നടപ്പന്തലിന്റെ ഓരോ തൂണിലും ദശാവതാരങ്ങളും കൃഷ്ണശിൽപങ്ങളും ഉണ്ട്.
ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ മേൽനോട്ടത്തിൽ വാസ്തു ആചാര്യൻ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിൻ്റെ മാർഗ്ഗനിർദേശമനുസരിച്ചാണ് നടപ്പുരയുടെ നവീകരണത്തിനുള്ള രൂപരേഖ തയ്യാറാക്കിയത്. മലപ്പുറം പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശിയായ വിഘ്നേശ് വിജയകുമാർ യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന വെൽത്ത് ഐ ഗ്രൂപ്പ് ഓഫ് കമ്പനീസിൻ്റെ സിഇഒയാണ്. മഹീന്ദ്ര കമ്പനി ഗുരുവായൂരിലേക്ക് വഴിപാടായി സമർപ്പിച്ച് ഥാർ ലേലത്തിൽ പിടിച്ച് വിഘ്നേഷ് നേരത്തെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. സിനിമ നിർമ്മാതാവ് കൂടിയായ വിഘ്നേഷിന് മിഡിൽ ഈസ്റ്റിന് പുറത്ത് നിരവധി രാജ്യങ്ങളിലും ഇന്ത്യയിലും സംരംഭങ്ങളുണ്ട്.