സൗഹൃദവും വികസനവും ശക്തമാക്കാൻ ഗൾഫ്, അറബ് രാഷ്ട്രത്തലവന്മാർ അബുദാബിയിൽ ഒന്നിച്ചു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ക്ഷണപ്രകാരമാണ് ഖത്തർ, ഒമാൻ, ബഹ്റൈൻ, ജോർദാൻ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ തലവന്മാർ അബുദാബിയിൽ എത്തിയത്.
ഗൾഫ്, അറബ് മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിൽ നേതാക്കൾ നിർണായക ചർച്ച നടത്തി. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി, ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്, ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ, ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് സീസി എന്നിവരാണ് സാദിയാത്ത് ഐലൻഡിലെ സെന്റ് റെജിസിൽ ഷെയ്ഖ് മുഹമ്മദുമായി സംവദിച്ചത്.
പ്രാദേശിക, രാജ്യാന്തര വിഷയങ്ങളും രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ മേഖലകൾ നേരിടുന്ന വെല്ലുവിളികളും ചർച്ച ചെയ്തു. മേഖലയുടെ സുസ്ഥിര ഭാവി ഉറപ്പാക്കുന്നതിന് നിലപാടുകളുടെ ഏകോപനവും സംയുക്ത പ്രവർത്തനവും അനിവാര്യമാണെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. പ്രക്ഷുബ്ധമായ ലോകത്ത് വികസനം കൈവരിക്കുന്നതിനും ജനങ്ങൾക്ക് മികച്ച ഭാവി ഉറപ്പാക്കുന്നതിനും സഹകരണവും സാമ്പത്തിക പങ്കാളിത്തവും ശക്തമാക്കണമെന്ന് ഷെയ്ഖ് മുഹമ്മദ് ആവശ്യപ്പെട്ടു.