തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കാമുകനെ വിഷം കൊടുത്ത് കൊന്ന കേസിൽ പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് വിധിച്ച് കോടതി. കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ഗ്രീഷ്മ നടത്തിയത് എന്നാണ് കണ്ടെത്തിയത്.
അതേസമയം തെളിവ് നശിപ്പിക്കൽ കുറ്റം ചാർത്തപ്പെട്ട ഗ്രീഷ്മയുടെ മാതാവ് സിന്ധുവിനെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെവിട്ടു. ഗ്രീഷ്മയുടെ അമ്മാവൻ നിർമല കുമാരൻ നായർ തെളിവ് നശിപ്പിക്കലിന് ശിക്ഷാർഹനാണെന്നും കോടതി കണ്ടെത്തി. ഗ്രീഷ്മയുടേയും നിർമല കുമാരൻ നായരുടേയും ശിക്ഷ തിങ്കളാഴ്ച വിധിക്കും.
മറ്റൊരു വിവാഹം കഴിക്കാൻ വേണ്ടി കാമുകനായ ഷാരോണിനെ ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയെന്നാമ് കേസ്. വിഷം കൊടുക്കാനും തെളിവ് നശിപ്പിക്കാനും അമ്മ സിന്ധുവും അമ്മാവാൻ നിർമല കുമാരൻ നായരും സഹായിച്ചുവെന്നും കുറ്റപത്രത്തിൽ പൊലീസ് പറഞ്ഞിരുന്നു.
നീണ്ട കാലമായി അടുപ്പത്തിലായിരുന്നു ഷാരോണും ഗ്രീഷ്മയും. ഷാരോണ്‍ ബന്ധത്തിൽ നിന്നും പിന്മാറില്ലെന്ന് വ്യക്തമായതോടെയാണ് ഗ്രീഷ്മ ഇയാളെ ഇല്ലാതാക്കാൻ ശ്രമിച്ചത് എന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. ആദ്യം ജ്യൂസ് ചലഞ്ച് നടത്തി പാരാസെറ്റാമോൾ വലിയ അളവിൽ കലക്കി നൽകി ഷാരോണിനെ ഇല്ലാതാക്കാൻ ശ്രമിച്ചെങ്കിലും ഷാരോണ്‍ രക്ഷപ്പെട്ടു. പിന്നീടാണ് പളുകിലെ വീട്ടിലേക്ക് ഷാരോണിനെ വിളിച്ചു വരുത്തി ഗ്രീഷ്മ കഷായത്തിൽ കീടനാശിനി കലക്കി നൽകിയത്.
2022 ഒക്ടോബർ 14നായിരുന്ന ഷാരോൺ കഷായം കുടിച്ചത്. ദേഹസ്വാസ്ഥ്യമുണ്ടായ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് 11 ദിവസത്തിന് ശേഷം ഷാരോൺ മരിച്ചു. ഷാരോണിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പൊലീസിനെയുമെല്ലാം അതിവിഗ്ദമായി തെറ്റിദ്ധരിപ്പിച്ച് ഷാരോൺ ആശുപത്രിയിൽ കിടന്നപ്പോൾ രക്ഷപ്പെടാൻ ഗ്രീഷ്മ ശ്രമിച്ചു. മജിസ്ട്രേറ്റിന് നൽകിയ മരണമൊഴിയിൽ ഗ്രീഷ്മക്കെതിരെ ഷാരോൺ ഒന്നും പറഞ്ഞിരുന്നില്ല.
പക്ഷേ ഒരു സുഹൃത്തിനോടും അച്ഛനോടും ഗ്രീഷ്മ ചതിച്ചെന്ന് ഷാരോൺ പറഞ്ഞെന്ന് പിന്നീട് പ്രോസിക്യൂഷൻ കോടതിയിൽ തെളിയിച്ചു. ഷാരോണിന്റെ മരണശേഷം നിയോഗിച്ച പ്രത്യേക സംഘത്തിന് ഫോറൻസിക് ഡോക്ടർ കൈമാറിയ ശാസത്രീയ തെളിവുകളും കേസിൽ നിർണായകമായി. ഇതോടെ ഗ്രീഷ്മയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തു. ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് ഗ്രീഷ്മ കുറ്റം സമ്മതിച്ചു. പൊലീസ് കസ്റ്റഡിയിലിരിക്കെ തന്നെ ഗ്രീഷ്മ ആത്മഹത്യയ്ക്കും ശ്രമിച്ചു. ഒരു വർഷത്തോളം ജയിലിൽ കിടന്ന ശേഷമാണ് ഗ്രീഷ്മ ജാമ്യത്തിൽ ഇറങ്ങിയത്.