സില്‍വര്‍ ലൈനുമായി തത്കാലം മുന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനം മാത്രം വിചാരിച്ചാല്‍ നടപ്പാവുന്ന പദ്ധതിയല്ല സില്‍വര്‍ ലൈന്‍ എന്നും കേന്ദ്രം ഇപ്പോള്‍ അനുകൂലമായി പ്രതികരിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരുകാലത്ത് ഇത് അംഗീകരിക്കേണ്ടതായി വരും. തല്ക്കാലം മുന്നോട്ട് പോകുന്നില്ലെന്ന നിലപാടാണ് എടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘കെ റെയിലിനെ നഖശിഖാന്തം എതിര്‍ത്തവര്‍ വന്ദേഭാരത് വന്നപ്പോള്‍ കണ്ട കാര്യമെന്താണ്? ജനങ്ങളുടെ മനസാണിത് കാണിക്കുന്നത്. വേഗമുള്ള റെയില്‍ സഞ്ചാരം കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നാണ് ഇതില്‍ മനസിലാക്കുന്നത്. ഞങ്ങള്‍ മാത്രം തീരുമാനിച്ചാല്‍ നടപ്പാക്കാന്‍ കഴിയില്ല. റെയില്‍വേയുടെ കാര്യം കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ മാത്രമേ നടത്താന്‍ കഴിയുകയുള്ളു. കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ അതിന് അനുകൂലമായി പ്രതികരിക്കുന്നില്ല,’ മുഖ്യമന്ത്രി പറഞ്ഞു.
ആവശ്യത്തിന് സര്‍വീസ് അനുവദിക്കാതിരിക്കുമ്പോള്‍ കേന്ദ്രം ഭരിക്കുന്നവര്‍ക്ക് ഒരു പ്രത്യേക മാനസിക സുഖം കിട്ടുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കണ്ണൂര്‍ വികസന സെമിനാര്‍ ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കണ്ണൂര്‍ വിമാനത്താവള വികസനത്തില്‍ കേന്ദ്രത്തിന്റേത് തലതിരിഞ്ഞ നിലപാടാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. കേരളത്തിന് ആവശ്യമായ വിമാന സര്‍വീസുകള്‍ കേന്ദ്രം നല്‍കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.