തിരുവനന്തപുരം: സംസ്ഥാനത്തെ കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ മാറ്റം വരുത്താൻ സർക്കാർ. തദ്ദേശഭരണവകുപ്പാണ് ഇതിനുള്ള നടപടികൾ ആരംഭിച്ചത്. കെട്ടിട നിർമ്മാണ പെർമിറ്റ് അനുവദിക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ മാറ്റം വരുത്തുമെന്ന് മന്ത്രി എംബി രാജേഷ് അറിയിച്ചു. കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട 106 ചട്ടങ്ങളിലായി 351 ഭേദഗതി നിർദേശങ്ങൾ സർക്കാരിന് മുന്നിലെത്തിയിരുന്നു. ഇതിൽ കൂടിയാലോചനകൾക്ക് ശേഷമാണ് പുതിയ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചത്.
വലിയ അളവിലുള്ള ഭൂമി ചില റിയൽ എസ്റ്റേറ്റ് വ്യാപാരികൾ വാങ്ങി മുറിച്ച് വിൽക്കുമ്പോൾ ചെറിയ പ്ലോട്ടുകൾ വാങ്ങുന്നവർക്ക് പെർമിറ്റ് ലഭിക്കാത്ത സ്ഥിതിയുണ്ട്. ചെറിയ പ്ലോട്ട് വാങ്ങിയവർക്കും കെട്ടിട നിർമ്മാണ പെർമിറ്റ് ലഭിക്കാൻ ചട്ടത്തിൽ ഭേദഗതി വരും. റിയൽ എസ്റ്റേറ്റ് വ്യാപാരി നടത്തിയ തെറ്റിന് സ്ഥലം ഉടമ അനീതി നേരിടുന്ന അവസ്ഥ ഒഴിവാക്കാൻ നിയമഭേദഗതി നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. കെട്ടിട നിർമ്മാണ പെർമിറ്റ് ഒരാൾക്ക് നിഷേധിച്ചാൽ ആളുകൾ തിരുവനന്തപുരത്തെ ട്രൈബ്യൂണലിൽ ആണ് പരാതി കൊടുക്കേണ്ടത്. ഇതു മൂലം ആളുകൾക്കുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ ജില്ലകളിൽ അപ്പലേറ്റ് അതോറിറ്റിയെ നിയമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രധാന പരിഷ്കാരങ്ങൾ
കെട്ടിടം നിർമ്മിക്കുന്ന പ്ലോട്ടിൽ പാർക്കിംഗ് സംവിധാനം വേണമെന്ന ചട്ടത്തിൽ ഇളവ്.
തൊട്ടടുത്ത് കെട്ടിട ഉടമയ്ക്ക് വേറെ സ്ഥലമുണ്ടെങ്കിൽ അവിടെ പാർക്കിംഗ് അനുവദിക്കാം.
25 ശതമാനം പാർക്കിംഗ് കെട്ടിടം നിൽക്കുന്ന പ്ലോട്ടിലും ബാക്കി സമീപ ഭൂമിയിലും അനുവദിക്കാം.
ഗാലറിയില്ലാത്ത സ്പോർട്സ് ടർഫുകൾക്ക് പാർക്കിംഗ് ഭൂമിയുടെ കാര്യത്തിൽ ഇളവ്
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഫ്ളോർ ഏരിയ അനുസരിച്ചുള്ള പാർക്കിംഗ് സൌകര്യം വേണമെനന്ന നിയമത്തിൽ ഇളവ്
കെട്ടിട നിർമ്മാണത്തിനുള്ള പെർമിറ്റ് രണ്ട് തവണയായി പത്ത് വർഷം വരെ നീട്ടി നൽകും
പെർമിറ്റ് അനുവദിക്കുന്നതിലെ തർക്കം പരിഹരിക്കാൻ ജില്ലാ തലത്തിൽ അപ്പലേറ്റ് അതോറിറ്റി വരും
ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നവരെ കൃത്യമായ കാരണമില്ലാതെ നേരിട്ട് വിളിച്ചു വരുത്തിയാൽ ജീവനക്കാർക്കെതിരെ നടപടി.
അപേക്ഷ സമർപ്പിക്കുമ്പോൾ തന്നെ ആവശ്യമായ രേഖകളുടെ ചെക്ക് ലിസ്റ്റ് കൈമാറണം
വാണിജ്യ സ്ഥാപനങ്ങളുടെ ലൈസൻസ് ഫീയിൽ കൂടുതൽ സ്ലാബുകൾ വരും
ലൈസൻസ് എടുക്കാൻ വൈകിയാലുള്ള പിഴത്തുക കുറയ്ക്കും
വീടുകളോട് ചേർന്ന് വ്യാപാര സ്ഥാപനങ്ങൾ നിർമ്മിക്കുന്നതിനുള്ള ലൈസൻസ് അനുവദിക്കാൻ ചട്ടങ്ങളിൽ ഭേദഗതി വരുത്തും
ഹരിത കർമ സേന ശേഖരിക്കുന്ന ഖരമാലിന്യങ്ങൾക്ക് ഈടാക്കുന്ന തുകയുടെ അന്തരം കുറയ്ക്കും
ആഴ്ചയിലൊരിക്കൽ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നുണ്ടെന്ന് ഉറപ്പാക്കും.
കലണ്ടർ പ്രകാരമല്ലാത്ത അജൈവ മാലിന്യം നീക്കണമെന്ന് ആവശ്യപ്പെട്ടാൽ അധികഫീസ് ഈടാക്കും
വ്യാപാരസ്ഥാപനങ്ങളിൽ മാലിന്യത്തിൻ്റെ അളവ് അനുസരിച്ചാവും ഇനി യൂസർ ഫീ