ചണ്ഡീഗഢ്: സുവർണക്ഷേത്രത്തിന് മുന്നിൽ സുഖ്ബീർ സിങിന് നേരെ ഖലിസ്താൻ അനുകൂലി വെടിയുതിർത്തു.സ്ഥലത്ത് ഉണ്ടായിരുന്നവർ ചേർന്ന് ഇയാളെ കീഴ്പ്പെടുത്തി.ശിരോമണി അകാലിദൾ നേതാവും പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിയുമാണ് സുഖ്ബീർ സിങ് ബാദൽ.പ്രവേശന കവാടത്തിൻറെ ചുവരിലാണ് വെടിയുണ്ടകൾ ചെന്നു പതിച്ചതെന്നും ആർക്കും അപകടമുണ്ടായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
സിഖുകാരുടെ പരമോന്നത സംഘടനയായ അകാൽ തഖ്ത് വിധിച്ച ശിക്ഷയുടെ ഭാഗമായി സുവർണക്ഷേത്രത്തിന്റെ കവാടത്തിന് മുന്നിൽ വീൽചെയറിൽ കുന്തവുമായി കാവലിരുന്ന് വരികയായിരുന്നു ബാദൽ. സുവർണക്ഷേത്രം അടക്കമുള്ള ഗുരുദ്വാരകളിലെ അടുക്കളയും ശുചിമുറികളും വൃത്തിയാക്കണം തുടങ്ങിവയായിരുന്നു ശിക്ഷയായി വിധിച്ചത്.
രണ്ടുദിവസം കാവൽ നിൽക്കണം, കഴുത്തിൽ പ്ലക്കാഡ് ധരിക്കണം, കൈയിൽ കുന്തം കരുതണം. കൂടാതെ ഒരുമണിക്കൂർ കീർത്തനങ്ങളും ആലപിക്കണം തുടങ്ങിയ ശിക്ഷകളായിരുന്നു അകാൽ തഖ്ത് ബാദലിനുമേൽ ചുമത്തിയത്.2007- 2017 കാലത്തെ അകാലിദൾ ഭരണത്തിലുണ്ടായ സർക്കാറിന്റെയും പാർട്ടിയുടെയും മതപരമായ തെറ്റുകളെ മുൻനിർത്തിയാണ് ബാദലിനെ ശിക്ഷിച്ചത്.