ദുബായ്: ദുബായിലെ തൊഴിലാളി കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇഫ്താർ കിറ്റുകളുമായി ജിഡിആർഎഫ്എയുടെ നന്മ ബസ് ആയിരക്കണക്കിന് തൊഴിലാളികൾക്ക് ദിവസവും ഇഫ്താർ ഭക്ഷണം വിതരണം ചെയ്യുകയാണ്. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഹ്യൂമാനിറ്റേറിയൻ ആൻഡ് ചാരിറ്റി എസ്റ്റാബ്ലിഷ്മെന്റ്, ദുബായ് ചാരിറ്റി അസോസിയേഷൻ എന്നിവരുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
ദുബായ് നഗരത്തിന്റെ വളർച്ചയിൽ നിർണായക പങ്ക് വഹിക്കുന്ന തൊഴിലാളികളെ റംസാനിലും ചേർത്തു നിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. സഹാനുഭൂതിയുടെയും സാഹോദര്യത്തിന്റെയും അന്തരീക്ഷത്തിൽ പോഷകസമൃദ്ധമായ ഇഫ്താർ ഭക്ഷണം അവർക്ക് ലഭ്യമാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഈ വർഷം റംസാൻ മാസത്തിൽ 1,50,000 ഭക്ഷണപ്പൊതികൾ വിതരണം ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ദിവസവും 5,000 പൊതികൾ ജബൽ അലി, അൽ ഖൂസ്, ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്ക്, മുഹൈസിന തുടങ്ങിയ പ്രധാന തൊഴിലാളി കേന്ദ്രങ്ങളിൽ എത്തിക്കും.
ദുബായിലെ തൊഴിലാളികൾക്ക് എല്ലാവിധ പിന്തുണയും ഉറപ്പാക്കുകയാണ് ‘നന്മ ബസ്’ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ജിഡിആർഎഫ്എ ഡെപ്യൂട്ടി ഡയറക്ടർ ജനറലും പിസിഎൽഎ ചെയർമാനുമായ മേജർ ജനറൽ ഒബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഹ്യൂമാനിറ്റേറിയൻ ആൻഡ് ചാരിറ്റി എസ്റ്റാബ്ലിഷ്മെന്റ് ഡയറക്ടർ ജനറൽ സാലിഹ് സാഹിർ അൽ മസ്രൂയി, ദുബായ് ചാരിറ്റി അസോസിയേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ അഹമ്മദ് അൽ സുവൈദി എന്നിവരും ഈ സംരംഭത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വ്യക്തമാക്കി