ഫുജൈറയില്‍ ആഴക്കടലില്‍ കാണാതായ മലയാളി മുങ്ങല്‍ വിദഗ്ധനെ നാല് ദിവസമായിട്ടും കണ്ടെത്താനായില്ല. മുങ്ങല്‍ വിദഗ്ധന്‍ അനില്‍ സെബാസ്റ്റ്യനെയാണ് കപ്പലിന്റെ അടിത്തട്ട് വൃത്തിയാക്കുന്ന ജോലിക്കിടെ കാണാതായത്.
തിങ്കളാഴ്ച മുതലാണ് അനിലിനെ കാണാതായത്. നങ്കൂരമിടുന്ന കപ്പലിന്റെ അടിത്തട്ട് വൃത്തിയാക്കുകയായിരുന്നു അനില്‍. നിശ്ചിത സമയം കഴിഞ്ഞിട്ടും അനില്‍ മുകളിലേക്ക് വരാത്തതിനെ തുടര്‍ന്ന് അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
നങ്കൂരമിടുന്ന കപ്പലുകളുടെ അടിത്തട്ട് വൃത്തിയാക്കുന്ന ജോലിയുടെ സൂപ്പര്‍വൈസറായിരുന്നു അനില്‍. 10 വര്‍ഷത്തിലധികമായി ഡൈവിംഗ് മേഖലയില്‍ ജോലി ചെയ്ത് വരികയായിരുന്നു അനില്‍. മികച്ച മുങ്ങല്‍ വിദഗ്ധനുമാണ് ഇദ്ദേഹം.
കപ്പലിന്റെ അടിത്തട്ടിലുള്ള ആഴം 11 മീറ്ററാണ്. ഇത്ര ദൂരം മാത്രം പോകേണ്ടി വരുന്ന അനിലിന് അപകടമുണ്ടായതെങ്ങനെയാണെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. എന്നാല്‍ അനില്‍ കപ്പല്‍ വൃത്തിയാക്കാന്‍ മുങ്ങിയ ഭാഗത്ത് 200 മീറ്ററോളം താഴ്ചയുണ്ടെന്നും പറയപ്പെടുന്നു.
കപ്പലിന്റെ അടിത്തട്ടിലുള്ള നെറ്റില്‍ കുടുങ്ങി അപകടം വരാനാണ് സാധ്യതയെന്ന് ഷിപ്പിംഗ് മേഖലയിലുള്ളവര്‍ പറയുന്നു. കൂടുതല്‍ ആഴം താഴ്ചയിലേക്ക് പോയാല്‍ ശ്വാസ തടസ്സം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും വിദഗ്ധര്‍ പറയുന്നു.
ഫുജൈറ കോസ്റ്റ്ഗാര്‍ഡും മറ്റു മുങ്ങല്‍ വിദഗ്ധരും ചേര്‍ന്ന് തെരച്ചില്‍ നടത്തിയിട്ടും അനിലിനെ കണ്ടെത്താനായില്ല. ഹെലികോപ്റ്റര്‍ സേവനം ഉപയോഗിച്ചും റിമോട്ട് ഓപറേറ്റഡ് വെഹികിളിന്റെ സഹായത്തോടെയും രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. മലയാളിയുടെ ഉടമസ്ഥതയിലുള്ള ഏരീസ് മറൈന്‍ എന്ന സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു അനില്‍. ഭാര്യ ടെസിയും നാല് വയസുള്ള മകളും അനിലിനൊപ്പം ഫുജൈറയില്‍ തന്നെയാണ് താമസം.