വിഴിഞ്ഞം മുക്കോലയില്‍ കിണറില്‍ കുടുങ്ങിയ തമിഴ്നാട് സ്വദേശി മഹാരാജനെ കണ്ടെത്തി. രക്ഷാപ്രവര്‍ത്തനം 40 മണിക്കൂര്‍ പിന്നിട്ടിട്ടും തൊഴിലാളിയെ പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല.
കിണറിലെ അടിയില്‍ ഉറവ പൊട്ടി മണ്ണും ചളിയും ഒലിച്ചിറങ്ങുന്നതിനാല്‍ തൊഴിലാളിയെ എപ്പോള്‍ പുറത്തെടുക്കാനാകും എന്നതിനെക്കുറിച്ച് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന് ഡെപ്യൂട്ടി കളക്ടര്‍ വി ജയമോഹന് പറഞ്ഞു. ഫയര്‍ഫോഴ്സിനൊപ്പം എന്‍ഡിആര്‍എഫ് സംഘവും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. വിദഗ്ധരായ കിണര്‍ പണിക്കാരും തൊഴിലാളിയെ പുറത്തെടുക്കാനുള്ള ശ്രമത്തില്‍ ഒപ്പം ചേര്‍ന്നിട്ടുണ്ട്.
80 അടിയോളം താഴ്ചയില്‍ മണ്ണ് നീക്കിയെങ്കിലും ഫലം കണ്ടിരുന്നില്ല. തുടക്കത്തില്‍ മണ്ണ് വീഴ്ച വെല്ലുവിളി ആയിരുന്നെങ്കിലും മെറ്റല്‍ റിംഗ് സ്ഥാപിച്ച് ഇത് നിര്‍ത്തിയിരുന്നു. കിണര്‍ വിദഗ്ധര്‍ എത്തിയാണ് ഇത് സ്ഥാപിച്ചത്. തുടര്‍ന്നാണ് ഇവരെയും ചേര്‍ത്ത് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.
ജൂലൈ എട്ടിനാണ് കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞ് തൊഴിലാളി കിണറ്റിലേക്ക് വീണത്. 90 അടിയോളം താഴ്ചയുള്ള കിണറിലേക്കാണ് തമിഴ്നാട് സ്വദേശിയായ മഹാരാജന് വീണത്. പഴയ റിങ്ങുകള്‍ മാറ്റി പുതിയ റിങ്ങുകള്‍ സ്ഥാപിക്കുന്നതിനിടെയാണ് അപകടം.