ആലപ്പുഴ: കളർകോട് അഞ്ച് എംബിബിഎസ് വിദ്യാർത്ഥികളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ കെഎസ്ആർടിസി ഡ്രൈവർക്കെതിരെ കേസെടുത്തു.
അലക്ഷ്യമായി വാഹനമോടിച്ചതിനാണ് കെഎസ്ആർടിസി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തത്. തങ്ങൾക്ക് കിട്ടിയ ആദ്യത്തെ വിവരം വച്ചെടുത്ത കേസാണ് ഇതെന്നാണ് പൊലീസ് പറയുന്നത്. തുടരന്വേഷണത്തിൽ കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇതിൽ മാറ്റം വരുമെന്നും പൊലീസ് വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങളുടെയും മൊഴികളുടേയും അടിസ്ഥാനത്തിലാവും അന്തിമ റിപ്പോർട്ട് തയ്യാറാക്കുക.
ഇന്നലെ രാത്രിയാണ് ആലപ്പുഴ കളർക്കോട് വച്ച് അഞ്ച് എംബിബിഎസ് വിദ്യാർത്ഥികളുടെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടായത്. പാലക്കാട് സ്വദേശി ശ്രീദേവ് വത്സൻ, മലപ്പുറം കോട്ടക്കൽ സ്വദേശി ദേവനന്ദൻ, കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് അപകടത്തിൽ മരിച്ചത്. രണ്ട് മാസം മുമ്പാണ് അഞ്ച് പേരും ആലപ്പുഴ മെഡിക്കൽ കോളേജിൽ എംബിബിഎസിന് ചേർന്നത്.
അപകടത്തിൽപ്പെട്ട ടവേര കാറിൽ 11 വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്. ആലപ്പുഴയിൽ സിനിമ കാണാൻ പോകുകയായിരുന്നു യുവാക്കൾ. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി എതിരെ വന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാർ വെട്ടിപ്പൊളിച്ചാണ് വിദ്യാർത്ഥികളെ പുറത്ത് എടുത്തത്. കാറിലുണ്ടായിരുന്ന മറ്റ് ആറ് പേർ ചികിത്സയിൽ തുടരുകയാണ്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ബസ് യാത്രക്കാരായ രണ്ട് സ്ത്രീകളും അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലാണ്.