ദില്ലി: പുതിയ റെയിൽപാത സ്ഥാപിക്കുന്നതടക്കം നിർണായക മേഖലകളിൽ സഹകരണത്തിന് ഇന്ത്യയും ഭൂട്ടാനും തമ്മിൽ ധാരണയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്ചുക്കും തമ്മിൽ തിങ്കളാഴ്ച നടന്ന കൂടിക്കാഴ്ചയിലാണ് റെയിൽപാതയടക്കമുള്ള നിർണായക വിഷയങ്ങളിൽ കൂടുതൽ സഹകരിക്കാൻ തീരുമാനിച്ചത്.
അസമിലെ കൊക്രജാറിനെ ഭൂട്ടാനിലെ ഗെലെഫുവിനെ ബന്ധിപ്പിക്കുന്ന നിർദ്ദിഷ്ട ക്രോസ്-ബോർഡർ റെയിൽ ലിങ്കിന്റെ നിർമ്മാണത്തിന് മുന്നോടിയായുള്ള അന്തിമ ലൊക്കേഷൻ സർവ്വേ നടത്താനാണ് ഇരുരാജ്യങ്ങളും ഇപ്പോൾ ധാരണയിലെത്തിയിരിക്കുന്നത്.
58 കിലോമീറ്റർ നീളം വരുന്ന റെയിൽപാത പദ്ധതിയെക്കുറിച്ച് നേരത്തെ തന്നെ ഇന്ത്യൻ റെയിൽവേ പ്രാഥമിക പഠനം നടത്തിയിരുന്നു. വടക്കുകിഴക്കൻ ജില്ലക്കാർക്ക് പുതിയ റെയിൽപാത വലിയ ഗുണം ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്. റെയിൽപാത അവസാനിക്കുന്ന ജെലിഫു പ്രദേശത്ത് പുതിയൊരു വിമാനത്താവളം നിർമ്മിക്കാൻ ഭൂട്ടാൻ തീരുമാനിച്ചിട്ടുണ്ട്. ഇവിടെ പ്രത്യേക സാമ്പത്തിക മേഖല സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. അടുത്ത ഘട്ടത്തിൽ പശ്ചിമ ബംഗാളിലെ ബനാറത്തിൽ നിന്നും ഭൂട്ടാനിലെ സംമേട്സിലേക്കും റെയിൽവേ പാത നിർമ്മിക്കാനും ഇരുരാജ്യങ്ങളും തമ്മിൽ തത്ത്വത്തിൽ ധാരണയായിട്ടുണ്ട്.
“ഭൂട്ടാൻ രാജാവായ ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്ചുക്കിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ട്. ഇതരരാജ്യങ്ങൾക്കും മാതൃകയായ ഇന്ത്യ-ഭൂട്ടാൻ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ഞങ്ങൾ ചർച്ചകൾ നടത്തി. വികസനത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള ഭൂട്ടാൻ രാജാവിൻ്റെ വീക്ഷണത്തെ ഞാൻ ബഹുമാനിക്കുന്നു – പ്രധാനമന്ത്രി മോദി എക്സിൽ (മുമ്പ് ട്വിറ്റർ) കുറിച്ചു.
ഇരുരാഷ്ട്രത്തലവൻമാരും ചേർന്ന് നടത്തിയ സംയുക്ത പ്രസ്താവന പ്രകാരം വ്യാപാരം, സാങ്കേതികവിദ്യ, അതിർത്തി മേഖലയിലെ ഗതാഗതം, പരസ്പര നിക്ഷേപം, വിദ്യാഭ്യാസം തുടങ്ങി നിരവധി മേഖലകളിൽ ഇരുരാജ്യങ്ങളും സഹകരിക്കും.