ധാക്ക: ബംഗ്ലാദേശിൽ സൈനിക അട്ടിമറി നടന്നെന്ന് സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചരണം. തലസ്ഥാനമായ ധാക്കയിൽ വൻതോതിൽ സൈനികരെ വിന്യസിച്ചതാണ് അട്ടിമറി അഭ്യൂഹം ശക്തമാകാൻ കാരണമായത്. സൈനിക മേധാവി വഖാർ ഉസ് സമാൻ അഭ്യൂഹങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ബംഗ്ലാദേശിന്റെ ഇടക്കാല നേതാവ് യൂനുസിനെതിരെ പ്രതിഷേധം ശക്തിപ്പെടുന്നതിനിടെയാണ് പുതിയ വാർത്തകൾ. എന്നാൽ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് സർക്കാരിൻ്റെ മുഖ്യഉപദേശകനായ മുഹമ്മദ് യൂസഫ് പറഞ്ഞു.
രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ സൈനികമേധാവിക്ക് കനത്ത ആശങ്കയുണ്ടെന്നും ഇതോടെ അദ്ദേഹം തുടർച്ചയായി യോഗങ്ങൾ വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ഭീകരാക്രമണങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകുന്ന സൈനികമേധാവി രാജ്യത്ത് ജാഗ്രതയും സുരക്ഷയും വർധിപ്പിക്കണമെന്ന് സൈനിക ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായാണ് വിവരം.കഴിഞ്ഞയാഴ്ച സൈനിക മേധാവി ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയത് സർക്കാരും സൈനിക മേധാവിയും തമ്മിലുള്ള തർക്കങ്ങൾക്ക് കാരണമായിരുന്നു. തീവ്രവാദ ഭീഷണിയും ക്രമസമാധാന നിലയും സംബന്ധിച്ച് കരസേനാ മേധാവി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയെന്നാണ് സൂചന.
എന്നാൽ, അടിയന്തരാവസ്ഥ പ്രഖ്യാപനത്തെക്കുറിച്ചുള്ള വാർത്തകൾ അഭ്യൂഹം മാത്രമാണെന്ന് ഇടക്കാല സർക്കാരിന്റെ ആഭ്യന്തര സെക്രട്ടറി നസിമുൾ ഹഖ് ഗാനി പറഞ്ഞു. ബംഗ്ലാദേശ് സൈന്യത്തിലെ പാക് അനുകൂലികൾ കരസേനാ മേധാവിയെ അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന് ചില ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പ്രസിഡന്റ് മുഹമ്മദ് ഷാബുദ്ദീനുമായി ചേർന്ന് പുതിയ ഇടക്കാല സർക്കാർ സ്ഥാപിക്കാൻ സൈനിക മേധാവി ഗൂഢാലോചന നടത്തിയെന്ന് വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള ആമർ ബംഗ്ലാദേശ് പാർട്ടിയുടെ ജനറൽ സെക്രട്ടറി അസദുസ്സമാൻ ഫുആദും ആരോപിച്ചിരുന്നു.