ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ പിതാവും കാര്‍ഷിക ശാസ്ത്രജ്ഞനുമായ എം. എസ് സ്വാമിനാഥന്‍ അന്തരിച്ചു. 98 വയസായിരുന്നു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം.

ദീര്‍ഘനാളായി അസുഖബാധിതനായി കിടപ്പിലായിരുന്നു. മുഴുവന്‍ പേര് മാങ്കൊമ്പ് സാമ്പശിവന്‍ സ്വാമിനാഥന്‍. 1925 ആഗസ്റ്റ് 7ന് തമിഴ്‌നാട്ടിലെ കുംഭകോണത്ത് ജനിച്ചു. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കില്‍ പുളിങ്കുന്ന് മങ്കൊമ്പ് എന്ന സ്ഥലത്താണ് ഇദ്ദേഹത്തിന്റെ സ്വദേശം.

ഇന്ത്യന്‍ പരിതസ്ഥിതിക്ക് ഇണങ്ങുന്ന അത്യുല്‍പാദന ശേഷിയുള്ള വിത്തിനങ്ങള്‍ വികസിപ്പിച്ചെടുക്കുകയും കര്‍ഷകര്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ചെയ്തു.ഭക്ഷ്യ സുരക്ഷയ്ക്ക് ഉതകുന്ന സുസ്ഥിര കൃഷിയ്ക്ക് വേണ്ടി ഹരിതവിപ്ലവം, നിത്യഹരിത വിപ്ലവം ആക്കേണ്ടതുണ്ടെന്ന അദ്ദേഹത്തിന്റെ ശുപാര്‍ശ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
1940ല്‍ തിരുവനന്തപുരത്തെ മഹാരാജാസ് കോളേജില്‍ (ഇന്നത്തെ യൂനിവേഴ്‌സിറ്റി കോളേജില്‍) ഉന്നത പഠനം ആരംഭിച്ചു. അവിടെ നിന്ന് സുവോളജിയില്‍ ബിരുദം നേടിയ ശേഷം കൃഷി ശാസ്ത്രത്തില്‍ ഉപരിപഠനം നടത്താന്‍ തീരുമാനിക്കുകയും കോയമ്പത്തൂര്‍ കാര്‍ഷിക കോളേജില്‍ ഇപ്പോള്‍ തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാല പഠനത്തിന് ചേരുകയും ചെയ്തു.
1972 മുതല്‍ 79 വരെ അദ്ദേഹം ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ ഡയറക്ടര്‍ ജനറലായിരുന്നു. ഇന്ത്യന്‍ കാര്‍ഷിക മന്ത്രാലയത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, രാജ്യാന്തര നെല്ലു ഗവേഷണ കേന്ദ്രത്തില്‍ ഡയറക്ടര്‍ ജനറല്‍, ഇന്റര്‍നാഷണല്‍ യുണിയന്‍ ഫോര്‍ ദ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ ആന്‍ഡ് നാച്ചുറല്‍ റിസോഴ്‌സസ് പ്രസിഡന്റ്, ദേശീയ കര്‍ഷക കമ്മീഷന്‍ ചെയര്‍മാന്‍ തുടങ്ങി ഒട്ടേറെ നിലകളില്‍ അദ്ദേഹം മികവ് തെളിയിച്ചിട്ടുണ്ട്.
