തിരുവനന്തപുരം: എയർ ഇന്ത്യ എക്സ്പ്രസ്സിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി അന്തരിച്ച പ്രവാസി നമ്പി രാജേഷിൻ്റെ ഭാര്യ അമൃത. എയർഇന്ത്യ എക്സ്പ്രസ്സ് ജീവനക്കാരുടെ മിന്നൽ സമരം മൂലം ഹൃദയാഘാതത്തെ തുടർന്ന് മസ്കറ്റിൽ ചികിത്സയിലായിരുന്ന നമ്പി രാജേഷിനെ അവസാനമായി കാണാനുള്ള അമൃതയുടെ യാത്ര മുടങ്ങിയിരുന്നു.
ആദ്യയാത്ര മുടങ്ങിയതിനെ തുടർന്ന് രണ്ടാമതും അമൃതയ്ക്ക് എയർഇന്ത്യ എക്സ്പ്രസ്സ് അടുത്ത ദിവസത്തെ വിമാനത്തിൽ ടിക്കറ്റ് നൽകിയെങ്കിലും ഈ ട്രിപ്പും ക്യാൻസലായി. തുടർന്ന് ടിക്കറ്റ് റീഫണ്ട് ചെയ്യാൻ അമൃത ശ്രമിച്ചെങ്കിലും രാജേഷ് മരിക്കുന്നതിന് തലേദിവസമാണ് അമൃതയ്ക്ക് എയർഇന്ത്യ എക്സ്പ്രസ്സിൽ നിന്നും ടിക്കറ്റിൻ്റെ പൈസ തിരികെ കിട്ടിയത്.
എയർ ഇന്ത്യ എക്സ്പ്രസിൻ്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരവും മനുഷ്യത്വ രഹിതവുമായ നടപടിയാണെന്ന് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ അമൃത ചൂണ്ടിക്കാട്ടുന്നു. രണ്ട് മക്കൾക്കൊപ്പം നേരിട്ടെത്തിയാണ് അമൃത മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടതും പരാതി കൈമാറിയതും. താൻ നേരിട്ട അനീതിക്ക് എയർഇന്ത്യ എക്സ്പ്രസ്സിൻ്റെ കൈയിൽ നിന്നും നഷ്ടപരിഹാരം ലഭ്യമാകാൻ ഇടപെടണമെന്ന് അമൃത മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു.
ഹൃദയാഘാതത്തിന് പിന്നാലെ ആൻജിയോ പ്ലാസ്സിക്ക് വിധേയനായ രാജേഷ് മൂന്ന് ദിവസങ്ങൾക്ക് ശേഷം ആശുപത്രി വിട്ടു ഫ്ളാറ്റിൽ തിരിച്ചെത്തിയിരുന്നു. തുടർന്ന് നാട്ടിലേക്ക് തിരികെ പോരാനുള്ള തയ്യാറെടുപ്പിനിടെയാണ് ഉറക്കത്തിൽ വീണ്ടും ഹൃദയാഘാതം സംഭവിക്കുകയും രാജേഷ് മരണപ്പെടുകയും ചെയ്തത്.
അമൃതയും അമ്മയും ചേർന്നാണ് മസ്കറ്റിലേക്ക് പോകാൻ ടിക്കറ്റെടുത്തത്. അവസാന നിമിഷമാണ് യാത്ര എന്നതിനാൽ വലിയ പണം ചിലവാക്കിയാണ് ഇരുവരും ടിക്കറ്റെടുത്തത്. എന്നാൽ രണ്ട് തവണയും യാത്ര മുടങ്ങുകയും റീഫണ്ട് വൈകുകയും ചെയ്തതോടെ ഇവർക്ക് മറ്റൊരു വിമാനത്തിൽ ടിക്കറ്റെടുത്ത് പോകാൻ സാധിക്കാതെ വന്നു. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജായ രാജേഷ് നാട്ടിലേക്ക് എത്തുമെന്ന് അറിയിച്ചതോടെ അമൃത മസ്കറ്റിലേക്കുള്ള യാത്ര ഒഴിവാക്കുകയും ചെയ്തു.
നമ്പി രാജേഷിൻ്റെ മൃതദേഹവുമായി ബന്ധുക്കൾ തിരുവനന്തപുരത്തെ എയര്‍ ഇന്ത്യ സാറ്റ്സ് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് പറഞ്ഞ് മടക്കിയ എയര്‍ ഇന്ത്യ എക്സ്പ്രസ് ഉദ്യോഗസ്ഥര്‍ പക്ഷെ പിന്നീട് കൈമലര്‍ത്തി. തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ പിഴവ് മൂലമല്ല നമ്പി രാജേഷ് മരിച്ചതെന്ന വാദമുയര്‍ത്തിയാണ് വിമാനക്കമ്പനിയുടെ പ്രതിരോധം. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെടൽ തേടി കുടുംബം മുഖ്യമന്ത്രിയെ സമീപിച്ചത്.