കട്ടപ്പന: ഇടുക്കിയിലെ ഊരുകളിൽ സർക്കാർ വിതരണം ചെയ്യ്തത് 2018ൽ നിരോധിച്ച കേരസുഗന്ധി വെളളിച്ചെണ്ണ. ഭക്ഷ്യ സുരക്ഷാ കിറ്റിനോടൊപ്പമാണ് നിരോധിത വെളളിച്ചെണ്ണ ലഭിച്ചത്.മായം കലർന്ന നിരോധിത വെളിച്ചെണ്ണയാണെന്ന് മനസിലാക്കാതെ ഇതുപയോഗിച്ച് ഭക്ഷണം പാകം ചെയ്തവർക്ക് ഭക്ഷ്യവിഷബാധയേറ്റതായും പരാതിയുണ്ട്. സംഭവത്തിന് പിന്നാലെ ആദിവാസി ഏകോപന സമിതിയും ഐടിഡിപിയും ചേർന്ന് വെളിച്ചെണ്ണ പരിശോധനയ്ക്ക് അയച്ചു.ഐ.ടി.ഡി.പി. വഴിയാണ് കിറ്റ് വിതരണം ചെയ്തത്.
ഭക്ഷ്യവിഷബാധ ഉണ്ടായതോടെ ട്രൈബൽ വകുപ്പ് അധികൃതരോട് ഇക്കാര്യം ചോദിച്ചെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്ന് ഭക്ഷ്യവിഷബാധയേറ്റ യുവാവ് പറഞ്ഞു. പകരം വെളിച്ചെണ്ണ തരാമെന്നാണ് അധികൃതർ പറഞ്ഞത്.കിറ്റിലുണ്ടായിരുന്ന വെളിച്ചെണ്ണ പാക്കറ്റിന്റെ പുറത്തുണ്ടായിരുന്ന മൊബൈൽ നമ്പറിന് ഒമ്പത് അക്കങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്.
ഇതാണ് വെളിച്ചെണ്ണ വ്യാജമാണെന്ന സംശയമുണ്ടാകാൻ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.