ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ ബിജെപിക്ക് വൻ വിജയം പ്രവചിക്കുന്നു. നാല് ഏജൻസികളുടെ സർവേ ഫലങ്ങളാണ് പ്രധാനമായി പുറത്തുവന്നത്.
കേരളത്തിൽ യുഡിഎഫിന് മേധാവിത്തം ഉണ്ടാകുമെന്നാണ് എല്ലാ എക്സിറ്റ് പോളുകളും പറയുന്നത്. തൃശ്ശൂരിൽ ബിജെപിക്ക് ജയിക്കുമെന്ന സൂചന എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്നു. ചില പോളുകൾ മൂന്ന് സീറ്റുകൾ വരെ ബിജെപിക്ക് പ്രവചിക്കുന്നുണ്ട്. കേരളത്തിൽ എൽഡിഎഫിന് പൂജ്യം മുതൽ നാല് സീറ്റുകൾ വരെയാണ് പോളുകൾ പ്രവചിക്കുന്നത്.
ഏഴ് ഘട്ടമായി നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലെ കുറഞ്ഞ പോളിംഗും പല സംസ്ഥാനങ്ങളിലും ഇന്ത്യ മുന്നണി മുന്നേറുമെന്ന പ്രവചനങ്ങളും അടക്കം ബിജെപി വെല്ലുവിളി നേരിട്ടേക്കാമെന്ന വിലയിരുത്തലുകൾ പല കോണുകളിലും ഉണ്ടായെങ്കിലും അതിനെയെല്ലാം തള്ളിക്കളയുന്ന തരത്തിലാണ് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വന്നിരിക്കുന്നത്.
320 മുതൽ 370 വരെ സീറ്റുകൾ നേടി ബിജെപി നയിക്കുന്ന എൻഡിഎ മുന്നണി മൂന്നാം വട്ടവും അധികാരത്തിലേറുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങളിലുള്ളത്. ദക്ഷിണേന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും ബിജെപിക്ക് കാര്യമായ സീറ്റുകൾ കിട്ടുമെന്ന് പോളുകൾ പ്രവചിക്കുന്നു.
കേരളത്തിൽ എൽഡിഎഫ് സംപൂജ്യരാകുമെന്നും യുഡിഎഫ് തരംഗമുണ്ടാകുമെന്നാണ് എബിപി സീ വോട്ടർ സർവേ പ്രവചിക്കുന്നത്. യുഡിഎഫിന് 17 മുതൽ 19 സീറ്റുവരെയും എൻഡിഎക്ക് ഒന്ന് മുതൽ മൂന്ന് സീറ്റുവരെയും നേടാമെന്നും എബിപി സീ വോട്ടർ പ്രവചിക്കുന്നു. ശക്തിയേറിയ പോരാട്ടം നടന്ന തൃശൂരിൽ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി വിജയിക്കുമെന്നാണ് സർവേ പറയുന്നത്. അതു കൂടാതെ വേറെയും രണ്ട് സീറ്റുകളിൽ ബിജെപിക്ക് അവർ ജയസാധ്യത പ്രവചിക്കുന്നു.
ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ സർവേയും എൽഡിഎഫിന് തിരിച്ചടിയാണ് പ്രവചിക്കുന്നത്. എൽഡിഎഫ് പൂജ്യം മുതൽ ഒന്ന് വരെയും യുഡിഎഫ് 17 മുതൽ 18 വരെയും എൻഡിഎ 2 മുതൽ 3 വരെയും സീറ്റ് നേടുമെന്ന് പറയുന്നു. ടൈംസ് നൗ-ഇടിജി സർവേയിൽ എൽഡിഎഫിന് നാല് സീറ്റുകളാണ് പ്രവചിക്കുന്നത്. 14-15 സീറ്റുകൾ യുഡിഎഫിനും ഒരുസീറ്റ് എൻഡിഎക്കും പ്രവചിക്കുന്നു.
ഇന്ത്യാ ടിവി-സിഎൻഎക്സ് സർവേയിൽ എൽഡിഎഫ് മൂന്ന് മുതൽ അഞ്ച് വരെയും യുഡിഎഫ് 13 മുതൽ 15 വരെയും എൻഡിഎ ഒന്ന് മുതൽ മൂന്ന് സീറ്റുവരെയും പ്രവചിക്കുന്നു. സംസ്ഥാനത്ത് എൽഡിഎഫിന്റെ വോട്ടുവിഹിതം കുത്തനെ ഇടിയുമെന്നും എൻഡിഎയുടെ വോട്ടുവിഹിതം കുത്തനെ വർധിക്കുമെന്നും എക്സിറ്റ് പോളുകൾ പറയുന്നു.