തിരുവനന്തപുരം: ഇ പി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും നീക്കിയ സാഹചര്യത്തിൽ ആരാകും ആ സ്ഥാനത്തേക്ക് വരിക എന്നതാണ് ഇപ്പോൾ കേരളം ഉറ്റ് നോക്കുന്നത്.മുൻ മന്ത്രിയും മുതിർന്ന നേതാവുമായ എ കെ ബാലൻ, സെക്രട്ടേറിയറ്റ് അംഗം, മുൻ മന്ത്രി, കോഴിക്കോട് മുൻ ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച ടി പി രാമകൃഷ്ണൻ എന്നിവരാണ് പരിഗണനയിൽ.
ടി പി രാമകൃഷണന്റെ പേരാണ് ഉയർന്ന് കേൾക്കുന്നത്.പാർട്ടി ബ്രാഞ്ച് സമ്മേളനങ്ങളിലേക്ക് കടക്കുന്നതിന്റെ തൊട്ടുതലേന്നാണ് ഇ.പിക്ക് സ്ഥാനം നഷ്ടമാകുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്.കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ വോട്ടിങ് നടന്ന ഏപ്രിൽ 26-ന് രാവിലെയാണ് സി.പി.എമ്മിനെ ഞെട്ടിച്ചുകൊണ്ടുള്ള ഇ.പി. ജയരാജന്റെ പ്രതികരണമുണ്ടായത്. കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി.
ദേശീയനേതാവ് പ്രകാശ് ജാവദേക്കറെ താൻ കണ്ടുവെന്നാണ് ജയരാജൻ മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യമായി പറഞ്ഞത്. ആക്കുളത്തെ മകന്റെ വീട്ടിൽ വെച്ചായിരുന്നു കൂടിക്കാഴ്ചയെന്നും ഇ.പി. പറഞ്ഞിരുന്നു. ഇതിനെതിരെ വലിയ വിമർശനമാണ് സി.പി.എമ്മിൽ ഉയർന്നത്. ഇ.പി. ജയരാജന്റെ വെളിപ്പെടുത്തലിന് പിന്നാലെ രൂക്ഷമായ ഭാഷയിൽ പരസ്യവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ രംഗത്തെത്തിയിരുന്നു. ജയരാജന് ജാഗ്രതക്കുറവുണ്ടായെന്നും ‘പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയായിടു’മെന്നുമാണ് അന്ന് മുഖ്യമന്ത്രി പറഞ്ഞത്.