മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തെ ഭീകരാക്രമണമെന്ന് വിളിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇപി ജയരാജന്. വടിയും കല്ലുമായാണ് അവര്‍ വന്നത്. മുഖ്യമന്ത്രിയെ അപായപ്പെടുത്തുകയായിരുന്നു ലക്ഷ്യം. കരിങ്കൊടി കാണിച്ചവര്‍ക്ക് നേരെ നടന്നത് സ്വാഭാവിക ചെറുത്ത് നില്‍പ്പാണെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആരും മര്‍ദ്ദിച്ചില്ലെന്നും അവര്തിരിച്ച് ആക്രമിക്കുകയാണ് ഉണ്ടായതെന്നുമാണ് ഇപി ജയരാജന് മാധ്യമങ്ങളോട് പറഞ്ഞത്.
‘രണ്ടോ മൂന്നോ ആളുകള്‍ വന്ന് നടത്തുന്ന ഭീകരപ്രവര്‍ത്തനമാണോ പ്രതിഷേധം? മുഖ്യമന്ത്രിയുടെ ബസിനും കാറിനും നേരെ കല്ലെറിയുന്നതാണോ പ്രതിഷേധം? എന്നാല്‍ അവര്‍ എന്നാല്‍ അവര്‍ അത് നടത്തട്ടെ, ജനം തിരിച്ചറിയും. പരിശീലനം ലഭിച്ചവരാണ് മുഖ്യമന്ത്രിയുടെ വാഹനത്തിന് കല്ലെറിഞ്ഞവര്‍.പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത ഒരു റാലിയുടെ നേരെ ഇങ്ങനെ ഒരു ഭീകരപ്രവര്‍ത്തനം വരുമ്പോള്‍ അവിടെയുള്ള എല്ലാവരും സിപിഎമ്മിന്റെ ഉന്നതമായ കാഴ്ചപ്പാടോടുകൂടി ഇത് സഹിച്ച് ഗാന്ധിജിയെപോലെ നെഞ്ച് നിവര്‍ത്തിപ്പിടിച്ച് സഹിക്കുമെന്നാണോ കരുതുന്നത്?അക്രമങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതിന്റെ ഭാഗമായാണ് പ്രവര്‍ത്തകര്‍ തടഞ്ഞത്,’ ഇപി ജയരാജന് പറഞ്ഞു.
മഹാജനക്കൂട്ടത്തിന് മുന്നിലേക്ക് മൂന്നോ നാലോ പേര് വടിയും കല്ലുമായി വന്നാല്‍ എന്താണ് സംഭവിക്കുക? അവിടെയിരിക്കുന്ന സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും ആളുകള്‍ക്ക് ഉണ്ടാവുന്ന വികാരം എത്രവലുതായിരിക്കും? കേരളമായതും കൊണ്ടും സിപിഎം ആയതുകൊണ്ടും എല്‍ഡിഎഫ് ആയതുകൊണ്ടുമാണ് അവര്‍ക്ക് ഒന്നും സംഭവിക്കാതിരുന്നത്. അവരെ പൊലീസ് മര്‍ദിച്ചിട്ടില്ലെന്നും ഇപി ജയരാജന് പറഞ്ഞു.
കല്യാശ്ശേരി മണ്ഡലത്തില്‍ നവകേരള സദസ്സ് കഴിഞ്ഞ് പോകുന്നതിനിടെയാണ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. എന്നാല്‍ ഇവരെ ഡി.വൈ.എഫ്.ഐ, സി.പി.ഐ.എം പ്രവര്‍ത്തകര്‍ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. തുടര്‍ന്ന് ആക്രമിച്ചതിന് ഡി.വൈ.എഫ്.ഐ, സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കെതിരെയും കരിങ്കൊടി കാണിച്ചതിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.