മലയാളം പറയുന്ന എമിറാത്തി കുട്ടികൾ… ആ ഒരു വിശേഷണം മാത്രം മതിയാവും നൂറ അൽ ഹെലാലിയ, മറിയം അൽ ഹെലാലിയ അഥവാ നൂറിനേയും മറിയത്തേയും പ്രവാസികൾക്ക് അറിയാൻ. തനി മലയാളികളായി മാറിയുള്ള തൻ്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് എഡിറ്റോറിയിൽ മൈ സ്റ്റോറിയിൽ നൂറയും മറിയവും.
എങ്ങനെയാണ് സാധാരണ എമിറാത്തി കുട്ടികൾ പച്ച മലയാളികളായി മാറിയത് ?
സ്കൂൾ കാലം മുതൽ ഞങ്ങളൊരുമിച്ചാണ്. സാധാരണ എമിറാത്തി കുട്ടികൾ സർക്കാർ സ്കൂളിൽ പോകുമ്പോൾ ഡോക്ടറായ ഞങ്ങളുടെ അമ്മ ഞങ്ങളെ പ്രൈവറ്റ് സ്കൂളിൽ ആണ് അയച്ചത്. അതൊരു കാത്തോലിക്ക് സ്കൂളായിരുന്നു ഞങ്ങളുടെ ടീച്ചർമാരെല്ലാം ഹിന്ദുക്കളും. ക്ലാസ്സിലുള്ളതെല്ലാം പല ദേശക്കാരും. വീട്ടിലായാലും ഞങ്ങളുടെ ആയമാരും ഡ്രൈവറും ആരും തന്നെ എമിറാത്തികളായിരുന്നില്ല. അങ്ങനെ പല സംസ്കാരങ്ങളോട് ചേർന്നു നിന്നാണ് ഞങ്ങൾ വളരുന്നത്. എൻ്റെ ആയ മലയാളം സിനിമാ പാട്ടുകൾ പാടി തന്നതാണ് ഉറക്കിയത്.
ഞങ്ങൾക്ക് മൂന്ന് അമ്മമാരാണ്.. ഞങ്ങളുടെ അമ്മയും പിന്നെ രണ്ട് നാനിമാരും. അതോണ്ട് നാനിമാർ മലയാളത്തിൽ സംസാരിക്കുമ്പോൾ ഞങ്ങൾ അതെല്ലാം ശ്രദ്ധിക്കും. അവർ മലയാളം സിനിമയും മലയാളം പരിപാടികളും കാണുമ്പോൾ ഞങ്ങളും അതെല്ലാം കാണാം. ഇംഗ്ലീഷ് സിനിമകളും മലയാളം സിനിമകളുമാണ് കാണാറ്.
ആ സമയത്ത് ഇംഗ്ലീഷല്ലാതെ ഒരു ഭാഷ പഠിക്കുന്നതിനോട് എമിറാത്തികൾക്ക് ആർക്കും താത്പര്യമില്ല. പക്ഷേ ഞങ്ങളുടെ അമ്മ മലയാളം പഠിക്കുന്നതിനെ പ്രൊത്സാഹിപ്പിക്കുകയാണ്. മറ്റൊരു ഭാഷയറിയുമ്പോൾ മറ്റൊരു സംസ്കാരം കൂടി പഠിക്കാനാവും എന്നാണ് ഞങ്ങൾ ചിന്തിച്ചത്.
നിങ്ങൾ ചെയ്യുന്ന വീഡിയോകൾക്ക് മലയാളികൾ കമൻ്റ് ഇടാറുണ്ട്. അതൊക്കെ ശ്രദ്ധിക്കാറുണ്ടോ ?
കമൻ്റിനേക്കാൾ കൂടുതൽ മലയാളികൾ നേരിൽ കാണുമ്പോൾ കാണിക്കുന്ന സ്നേഹം ഭയങ്കരമായി പ്രചോദിപ്പിക്കാറുണ്ട്. പ്രത്യേകിച്ച് കുട്ടികളൊക്കെ നമ്മളോട് കാണിക്കുന്ന സ്നേഹം വലിയ സന്തോഷം തരുന്നതാണ്.
View this post on Instagram
എന്തായി തീരണം എന്നാണ് ആഗ്രഹം
ലോകസമാധാനമാണ് ആഗ്രഹം… അങ്ങനെ പറയുമ്പോൾ നമ്മൾ എല്ലാവരും ആളുകളോട് ജാതിമത വർണ സംസ്കാര ഭേദമില്ലാതെ ഇടപഴകിയാൽ തന്നെ ഇതൊരു ഒറ്റലോകമായി മാറും.
എന്താണ് മലയാളികളുടെ ഇടയിൽ നിങ്ങൾ കണ്ട ഒരു ഗുണം
ആളുകളെ സഹായിക്കാനുള്ള ഒരു മനസ്ഥിതി മലയാളികളുണ്ട്. ഒരു അപകടത്തിൽ ഒരു മലയാളിയെ കണ്ടാൽ അയാളോട് സഹായം ചോദിക്കാം എന്നൊരു വിശ്വാസം ഉള്ളിലുണ്ട്.
മലയാളം സിനിമകൾ എത്രത്തോളം ആസ്വദിക്കാറുണ്ട് ?
മലയാളം സിനിമകൾ ഭയങ്കര റിയലിസ്റ്റിക്കാണ്. ജിസിസിയിൽ പൊതുവേ ബോളിവുഡ് സിനിമകൾക്കാണ് മാർക്കറ്റ്. പക്ഷേ മലയാളത്തിൽ എന്തു സിനിമയും യുക്തിപരമാണ്. 2016-ലാണ് ആദ്യമായി കേരളത്തിൽ പോകുന്നത്. നാനിയുടെ ആനുവൽ ലീവായിരുന്നു അത്. അവർ ആലപ്പുഴക്കാരാണ്. നാനിക്കൊപ്പം പോകാൻ ഞാൻ വീട്ടിൽ ഒരു കരഞ്ഞ് ബഹളം വച്ചു. അങ്ങനെ ഒടുവിൽ അമ്മ സമ്മതിച്ചു. നൂറയേയും കൊണ്ടു പോയാമതി എന്നായിരുന്നു നിബന്ധന. അങ്ങനെയാണ് ഞങ്ങൾ രണ്ടാളും ആദ്യമായി കേരളത്തിൽ എത്തിയത്.