ദുബായ്: ഇത്തവണത്തെ ഓണം ആകാശത്ത് തകർക്കും, വാഴയിലയിൽ സദ്യയും പായസവും പോരാത്തതിന് മലയാള സിനിമയും പ്രദർശിപ്പിക്കാനൊരുങ്ങുകയാണ് യുഎഇയുടെ എമിറേറ്റ്സ് എയർലൈൻസ്. ഈ മാസം 20 മുതൽ 31 വരെയാണ് വിമാനസദ്യ. ശർക്കര വരട്ടി, ഉപ്പേരി, കൊണ്ടാട്ടം, കാളൻ, വെള്ളരിക്കാ പച്ചടി, പുളിയിഞ്ചി, മാങ്ങാ അച്ചാർ, അവിയൽ , തോരൻ, പാലടപ്രഥമൻ, പപ്പടം എന്നിങ്ങനെ വിപുലമായ മെനുവാണ് എമിറേറ്റ്സ് പുറത്തിറക്കിയിരിക്കുന്നത്.
വെജിറ്റേറിയൻ സദ്യയ്ക്ക് പുറമേ ആവശ്യക്കാർക്ക് ആലപ്പി കോഴിക്കറിയും മട്ടൻ പെപ്പർ ഫ്രൈയും ലഭ്യമാക്കും. ദുബായിൽ നിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും തിരിച്ചും യാത്രചെയ്യുന്നവർക്കായിരിക്കും സദ്യ നൽകുക.
വിമാനക്കമ്പനികൾ തമ്മിലുള്ള മത്സരം മുറുകുന്ന സമയത്താണ് അടാറ് ഐറ്റവുമായി എമിറേറ്റ്സിന്റെ ആകാശത്തെ ഓണാഘോഷം. എല്ലാ ക്ലാസിലുള്ള യാത്രക്കാർക്കും സദ്യ നൽകും. മലയാളികൾക്ക് പുറമേ വിനോദസഞ്ചാരികൾക്കും അന്താരാഷ്ട്ര യാത്രക്കാർക്കും മലയാളികളുടെ രുചിവൈവിധ്യം മനസിലാക്കാൻ ഇതുവഴിയൊരുക്കുമെന്നും എമിറേറ്റസ് വാർത്താ കുറിപ്പിൽ പറയുന്നു.