ദോഹ: റമദാൻ മാസത്തിന് മുന്നോടിയായി പൊതുമാപ്പ് പ്രഖ്യാപിച്ച് ഖത്തർ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍താനി. ഖത്തറിലെ വിവിധ ജയിലുകളിലായി ശിക്ഷ അനുഭവിക്കുന്ന തടവുകാർക്ക് പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യം വിടാനോ പുതിയൊരു ജീവിതം തുടങ്ങാനോ സാധിക്കും. അതേസമയം എത്ര തടവുകാർക്കാണ് അമീർ പൊതുമാപ്പ് നൽകിയതെന്ന് വ്യക്തമല്ല.
റമദാന് മുന്നോടിയായി യുഎഇയിൽ 2592 തടവുകാർക്ക് മാപ്പ് ലഭിക്കുകയും ജയിൽ മോചനത്തിന് വഴിയൊരുങ്ങുകയും ചെയ്തിരുന്നു. യുഎഇ പ്രസിഡൻ്റും വിവിധ എമിറേറ്റുകളിലെ സുപ്രീംകൗൺസിൽ അംഗങ്ങളായ ഭരണാധികാരികളുമാണ് തടവുകാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചത്. അബുദാബി ജയിലുകളിലുള്ള 735 തടവുകാരെ മോചിപ്പിക്കാനാണ് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഉത്തരവിട്ടത്.
ദുബായില്‍ 691 തടവുകാരെ മോചിപ്പിക്കാനാണ് യുഎ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഉത്തരവിട്ടത്. ഷാർജയിൽ 484 തടവുകാര്‍ക്ക് മോചനം നല്കാന് ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു. അജ്മാനിൽ 314 തടവുകാർക്കാണ് സുപ്രീം കൗൺസിൽ അംഗവും ഭരണാധികാരി ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുഐമി മോചനം നൽകിയത്. 368 പേർക്കാണ് റാസൽ ഖൈമ ഭരണാധികാരി ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമി മോചനം നൽകി.