അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്. രാജസ്ഥാന്, മധ്യപ്രദേശ്, മിസോറാം, തെലങ്കാന, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തീയതികളാണ് പ്രഖ്യാപിച്ചത്.

നവംബര്‍ ഏഴ് മുതല്‍ 30 വരെയുള്ള വിവിധ തീയതികളിലായിട്ടായിരിക്കും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക. ഛത്തീസ്ഗഡില്‍ രണ്ട് ഘട്ടമായി ആയിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ ഏഴിനും നവംബര്‍ 17നുമാണ് തെരഞ്ഞെടുപ്പ് നടക്കുന്ന തീയതികള്‍.

മിസോറാമില്‍ നവംബര്‍ ഏഴിനും മധ്യപ്രദേശില്‍ നവംബര്‍ 17നും തെലങ്കാന നവംബര്‍ 30 നും രാജസ്ഥാന് 23നുമായിരിക്കും തെരഞ്ഞെടുപ്പ്. ഡിസംബര്‍ 3നായിരിക്കും വോട്ടെണ്ണല്‍.
അഞ്ച് സംസ്ഥാനങ്ങളിലുമായി 16.14 കോടി ജനങ്ങളാണ് തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുക. അതില്‍ 60.2 ലക്ഷം പുതിയ വോട്ടര്‍മാര്‍ ആണ്. അഞ്ച് സംസ്ഥാനങ്ങളിലുമായി 1.77 ലക്ഷം പോളിംഗ് സ്റ്റേഷനുകള്‍ സജ്ജീകരിക്കും. ഇതില്‍ 1.01 ലക്ഷം സ്റ്റേഷനുകളിലും വെബ് കാസ്റ്റിംഗ് ഏര്‍പ്പെടുത്തും.
എല്ലാ സംസ്ഥാനങ്ങളിലും കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് വോട്ട് ചെയ്യുന്ന സ്ത്രീകളുടെയും പുരുഷന്മാരുടെയും അനുപാതം വര്‍ദ്ധിച്ചുവെന്ന് മുഖ്യ തെരഞ്ഞെുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാഷ്ട്രീയ പാര്‍ട്ടികള്‍ ലഭിക്കുന്ന സംഭാവനകളുടെ വിവരങ്ങളും, വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ടും ഓണ്‍ലൈനായി സമര്‍പ്പിക്കണം. സംസ്ഥാനങ്ങളിലെ അതിര്‍ത്തികളില്‍ കര്‍ശന സുരക്ഷയും പരിശോധനയും നടത്തും. പണം കടത്ത് തടയാന്‍ കര്‍ശന പരിശോധന ഏര്‍പ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. തെരഞ്ഞെടുപ്പിലെ സുതാര്യത ഉറപ്പുവരുത്താനാണ് ഇത്.
