മറുനാടന്‍ മലയാളി സ്ഥാപകന്‍ ഷാജന് സ്കറിയയുടെ അറസ്റ്റിന് തടസ്സമില്ലെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. അറസ്റ്റ് തടയണമെന്ന ഷാജന് സ്കറിയയുടെ ആവശ്യം കോടതി തള്ളി.
പിവി ശ്രീനിജിന്‍ എംഎല്‍എ നല്കിയ കേസിലാണ് കോടതി നടപടി. ഷാജന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി വെള്ളിയാഴ്ചയിലേക്ക് മാറ്റി.
മറുനാടന്‍ നിരന്തരമായി തനിക്കെതിരെ വ്യക്തി അധിക്ഷേപം നടത്തുന്നുവെന്നും വ്യാജ വാര്‍ത്ത ചമയ്ക്കുന്നെന്നുമായിരുന്നു പി വി ശ്രീനിജിന്‍ എംഎല്‍എയുടെ പരാതി. കുറെ വര്‍ഷങ്ങളായി തന്നെ നിരന്തരം വേട്ടയാടുകയാണ്. ആസൂത്രിതമായ അജണ്ടയുടെ ഭാഗമായാണ് ഇത്തരം വാര്‍ത്തകളുണ്ടാക്കുന്നതെന്നും സംശയിക്കുന്നതെന്ന് പി വി ശ്രീനിജിന്‍ എംഎല്‍എ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് താന്‍ പരാതി നല്‍കുന്നതെന്നും എംഎല്‍എ വ്യക്തമാക്കി.
മറുനാടന്‍ മലയാളി സ്ഥാപകനും എഡിറ്ററുമായ ഷാജന് സ്കറിയ, സിഇഓ ആന്മേരി ജോര്‍ജ്, ചീഫ് എഡിറ്റര്‍ ഋജു എന്നിവരെ പ്രതികളാക്കിയാണ് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ പരാതി നല്‍കിയത്.
പൃഥ്വിരാജിനെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കരുതെന്ന് കഴിഞ്ഞ ദിവസം മറുനാടന്‍ എറണാകുളം സബ് ജഡ്ജ് താക്കീത് നല്‍കിയിരുന്നു. പത്ത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പൃഥ്വിരാജ് നല്കിയ മാനനഷ്ടകേസിലാണ് കോടതി മറുനാടന്‍ മലയാളി സ്ഥാപകന്‍ ഷാജന് സ്കറിയക്ക് താക്കീത് നല്‍കിയത്.