കൊച്ചി: തനിക്കെതിരെ പീഡന പരാതി ആരോപിച്ച സ്ത്രീകൾക്കെതിരെ പരാതി നൽകി നടനും അമ്മ മുൻ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബു. ഈ കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിലൂടെ തനിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച രണ്ട് സ്ത്രീകൾക്കെതിരെയാണ് ഇടവേള ബാബു പരാതി നൽകിയത്. സംസ്ഥാന പൊലീസ് മേധാവിക്കും സർക്കാർ നിയോഗിച്ച പുതിയ അന്വേഷണ സംഘത്തിനുമാണ് പരാതി നൽകിയിരിക്കുന്നത്.
ഇ മെയിൽ വഴിയാണ് ഇടവേള ബാബു പരാതി അയച്ചിരിക്കുന്നത്. തനിക്കെതിരായ ഗൂഢാലോചനയുടെഭാഗമായാണ് ജുബിത, മിന്നു മുനീർ എന്നി രണ്ടു വനിതകൾ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നതെന്ന് ഇടവേള ബാബു പരാതിയിൽ പറയുന്നത്.
താൻ നൽകിയ പരാതിയിൽ കൃത്യമായി അന്വേഷണം നടത്തണമെന്നും പരാതിയിൽ ഇടവേള ബാബു ആവശ്യപ്പെടുന്നു. അഭിഭാഷകനിൽ നിന്നുള്ള നിയമോപദേശം തേടിയ ശേഷം വ്യാജപരാതി ഉന്നയിച്ചവർക്കെതിരെ മറ്റു നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ഇടവേള ബാബു വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോർട്ടിനും പീഡന പരാതികൾക്കും പിന്നാലെ അമ്മ നേതൃത്വമാകെ രാജി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇടവേള ബാബു പരാതി ഉന്നയിച്ചവർക്കെതിരെ പരാതി നൽകിയിരുന്നത്. നേരത്തെ സിദ്ദീഖും തനിക്കെതിരെ പരാതി ഉന്നയിച്ച യുവതിക്കെതിരെ ഡിജിപിക്ക് പരാതി നൽകിയിരുന്നു.