കൊച്ചി: വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ അന്വേഷണം തുടങ്ങി ഇഡി. നിക്ഷേപമായി നിരവധിയാളുകളിൽ നിന്നും പണം സ്വീകരിക്കുന്നതും ഈ പണം വ്യവസായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ പരിശോധനയെന്നാണ് സൂചന. ബോബിയുടെ തേയില കച്ചവടവും ഇഡിയുടെ അന്വേഷണ പരിധിയിലുണ്ട്.
വിവിധ സ്ഥാപനങ്ങൾ വഴി ബോബി ചെമ്മണ്ണൂർ നടത്തുന്ന ഇടപാടുകളെല്ലാം ഇഡി പരിശോധിക്കുന്നുണ്ട്. ബോബി വലിയ പലിശ വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്നും നിക്ഷേപം സ്വീകരിക്കുന്നുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. കോടികളുടെ ഇടപാട് നടക്കുന്ന ഫിജികാർഡും, ബോചെ ടീയും ഇഡി പ്രത്യേകം പരിശോധിക്കുന്നുണ്ടെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
രാജ്യത്തിന് അകത്തും പുറത്തുമായി ബോബി നടത്തുന്ന ബിസിനസ് ഇടപാടുകളെല്ലാം തന്നെ ഇഡി പരിശോധിക്കുന്നുണ്ട്. വിദേശവിനിമയം സംബന്ധിച്ച ഫെമ ചട്ടത്തിൽ കേന്ദ്രീകരിച്ചാണ് ഇഡി ബോബിക്കെതിരെ അന്വേഷണം തുടങ്ങിയതെങ്കിലും കൂടുതൽ വിപുലമായ പരിശോധനയിലേക്ക് പിന്നീട് മാറിയെന്നാണ് വിവരം. ബോചെ ടീയുടെ വിൽപനയ്ക്ക് എതിരെ കേരള ലോട്ടറി വകുപ്പ് ഡയറക്ടർ നേരത്തെ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ വയനാട്ടിലും പത്തനംതിട്ടയിലും രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തെങ്കിലും അന്വേഷണത്തിൽ തുടർനടപടികൾ ഉണ്ടായതായി വിവരമില്ല.
അതേസമയം തനിക്കെതിരെയുള്ളത് ഇഡിയുടെ പ്രാഥമിക അന്വേഷണം മാത്രമാണെന്ന് വ്യവസായി ബോബി ചെമ്മണ്ണൂർ വ്യക്തമാക്കി. ഇഡി ചോദിച്ച കാര്യങ്ങൾക്കൊക്കെ കൃത്യമായ മറുപടി നൽകിയിട്ടുണ്ടെന്നും രേഖകൾ ഹാജരാക്കിയിട്ടുണ്ടെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു. ഇഡി തെറ്റായിട്ടൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. തൻ്റെ ഉടമസ്ഥതയിലുള്ള നിരവധി സ്ഥാപനങ്ങളിൽ നിന്നും ഇഡി വിവരങ്ങൾ തേടിയിട്ടുണ്ടെന്നും അതിലൊന്നാണ് ഇതെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു. അന്വേഷണം ഈ മാസം തന്നെ അവസാനിപ്പിക്കുമെന്ന് ഇഡി അറിയിച്ചതായും ബോബി വ്യക്തമാക്കി.