കൊച്ചി: സംസ്ഥാനത്ത് ഗുണ്ടാ വിളയാട്ടം ശക്തമാകുന്നതിനിടെ അങ്കമാലിയിൽ കുപ്രസിദ്ധ ഗുണ്ടയുടെ വീട്ടിലെത്തിയ ഡിവൈഎസ്പിയേയും പൊലീസുകാരും പിടിയിൽ. അങ്കമാലിയിലെ ഗുണ്ടാനേതാവായ തമ്മനം ഫൈസലിൻ്റെ വീട്ടിൽ അതിഥിയായി എത്തിയ ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം.ജി സാബുവും മറ്റു മൂന്ന് പൊലീസുകാരുമാണ് അങ്കമാലി പൊലീസിൻ്റെ പിടിയിലായത്.
ഗുണ്ടാവിളയാട്ടം അമർച്ച ചെയ്യാൻ സംസ്ഥാന പൊലീസ് ഓപ്പറേഷൻ ആഗ് പദ്ധതിയുമായി രംഗത്ത് എത്തിയിരുന്നു. ഇതിൻ്റെ തുടർച്ചയായി സംസ്ഥാനത്താകെ നൂറുകണക്കിന് ഗുണ്ടകൾ പിടിയിലായിരുന്നു. ഇതോടൊപ്പം പുറത്തുള്ള എല്ലാ ഗുണ്ടകളും അവരുടെ താവളങ്ങളും പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇതിനിടെയാണ് കാപ്പാ ലിസ്റ്റിൽ ഉൾപ്പെട്ട ഗുണ്ടാനേതാവായ തമ്മനം ഫൈസലിൻ്റെ വീട്ടിലേക്ക് നാല് അജ്ഞാതർ കാറിലെത്തിയെന്ന രഹസ്യവിവരം പൊലീസിന് കിട്ടിയത്. ഇതോടെ അങ്കമാലി പുളിയനത്തെ തമ്മനം ഫൈസലിൻ്റെ വീട്ടിലേക്ക് അങ്കമാലി പൊലീസ് എത്തി.
ഈ റെയ്ഡിലാണ് ഫൈസലിൻ്റെ വിരുന്നുകാരായി എത്തിയ ഡിവൈഎസ്പിയും മൂന്ന് പൊലീസുകാരും കുടുങ്ങിയത്. പരിശോധനയ്ക്ക് എത്തിയ അങ്കമാലി എസ്.ഐയെ കണ്ട് ഡിവൈഎസ്പി ഫൈസലിൻ്റെ വീട്ടിലെ ശുചിമുറിയിൽ കയറി ഒളിച്ചെങ്കിലും പൊലീസ് പൊക്കി. ഉന്നത ഉദ്യോഗസ്ഥനെ കുപ്രസിദ്ധ ഗുണ്ടയുടെ വീട്ടിൽ കണ്ട അങ്കമാലി പൊലീസ് അപ്പോൾ തന്നെ വിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. തുടർന്ന് പൊലീസുകാരെ അങ്കമാലി പൊലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായ മൊഴി രേഖപ്പെടുത്തി. നിലമ്പൂരിൽ നിന്നും മടങ്ങും വഴിയാണ് സാബുവും പൊലീസ് ഉദ്യോഗസ്ഥരും ഫൈസലിൻ്റെ വീട്ടിലെത്തിയത് എന്നാണ് വിവരം.