അൽ – ഐൻ: നീറ്റ് പരീക്ഷയിൽ മിന്നും പ്രകടനം കാഴ്ചവച്ച് അൽ ഐനിൽ നിന്നുള്ള പ്രവാസി പെണ്കുട്ടി. ഔർ ഓണ് ഇംഗ്ലീഷ് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ ദിയ സൈനാബ് ആണ് നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷയിൽ മികച്ച റാങ്ക് നേടി പ്രവാസി മലയാളികൾക്ക് അഭിമാനമായത്.
720-ൽ 695 മാർക്കും നേടിയാണ് ദിയ നീറ്റ് കടമ്പ ഗംഭീരമായി മറികടന്നത്. ഇരുപത് ലക്ഷത്തോളം പേർ എഴുതിയ നീറ്റ് പരീക്ഷയിൽ ദേശീയതലത്തിൽ 552-ാം റാങ്കും കേരള ലിസ്റ്റിൽ 23-ാം റാങ്കും ഈ മിടുക്കി സ്വന്തമാക്കി.
നീറ്റ് പരീക്ഷയ്ക്കായി കഠിന പരിശ്രമമാണ് നടത്തിയത്. അതിനാൽ തന്നെ മികച്ച വിജയം നേടാനായതിൽ സന്തോഷമുണ്ട്. മാതാപിതാക്കളും സഹോദരങ്ങളും ഇക്കാര്യത്തിൽ വലിയ പിന്തുണയാണ് തന്നത് – ദിയ പറയുന്നു. അൽ ഐൻ സൂവിൽ പ്രൊജക്ട് മാനേജറായ എ.ടി ഷാജിതിൻ്റേയും സിബ്ക ഇലക്ട്രോണിക്സിൽ സിസ്റ്റം എഞ്ചിനീയറായ എൻ.വി ജംസീലയുടേയും മകളായ ദിയ സൈനാബ്. കോഴിക്കോട് നിന്നുള്ളവരാണ് ദിയയുടെ കുടുംബം.
രണ്ടാം ശ്രമത്തിലാണ് നീറ്റ് പരീക്ഷയിലെ കൊതിപ്പിക്കുന്ന വിജയം ദിയ സ്വന്തമാക്കിയത്. ആദ്യത്തെ തവണ കാര്യമായ തയ്യാറെടുപ്പില്ലാതെ പരീക്ഷയ്ക്ക് ഇരുന്നപ്പോൾ 461 മാർക്കാണ് കിട്ടിയത്. അതോടെയാണ് നന്നായി ശ്രമിച്ച് ഒന്നൂടെ നീറ്റിന് ഇരിക്കാൻ തീരുമാനിച്ചത്.
അങ്ങനെ നീറ്റീന് വേണ്ടി പഠിക്കാനും തയ്യാറെടുക്കാനുമായി ദിയ കോഴിക്കോട്ടേക്ക് പറന്നു. കോച്ചിംഗ് സെൻ്റിൻ്റെ ഭാഗമായ ഹോസ്റ്റലിലായിരുന്നു താമസം. മുപ്പത് മിനിറ്റ് പഠനം അഞ്ച് മിനിറ്റ് ഇടവേള.. എന്ന രീതിയിലാണ് പഠനം ആസൂത്രണം ചെയ്തത്. നീറ്റ് പരീക്ഷാ തയ്യാറെടുപ്പിനായി എട്ട് മാസത്തോളം ചിലവഴിച്ചു. വായിച്ചതെല്ലാം മനസ്സിലായി എന്ന് ഉറപ്പാക്കിയാണ് ഒരോ ചാപ്റ്ററും പിന്നിട്ടത്. മൾട്ടിപ്പിൾ ചോയിസ് ക്വസ്റ്റ്യൻസ് പരമാവധി അറ്റൻഡ് ചെയ്തു കൊണ്ടുള്ള പരിശീലനവും നടത്തുന്നുണ്ടായിരുന്നു.
എന്തായാലും നീറ്റ് പരീക്ഷാഫലം വന്നപ്പോൾ ദിയയുടെ കഠിനദ്ധ്വാനത്തിന് ഫലം കിട്ടി. പ്രസിദ്ധമായ പോണ്ടിച്ചേരി ജവഹർലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ എംബിബിഎസ് പഠനത്തിന് ചേരാനാണ് ദിയയുടെ പദ്ധതി.
സ്കൂൾ പഠനകാലത്ത് ശാസ്ത്രപ്രതിഭയ്ക്കുള്ല പുരസ്കാരം നേടിയ ദിയ മികച്ചൊരു ബാസ്കറ്റ് ബോൾ താരം കൂടിയായിരുന്നു. അബുദാബി സ്കൂൾ ചാമ്പ്യൻസ് ബാസ്ക്കറ്റ്ബോൾ ടൂർണമെന്റിൽ ടീമിനെ വിജയത്തിലേക്ക് നയിച്ച ദിയ ൃസ്പെയിനിലെ മാഡ്രിഡിൽ പ്രശസ്ത അത്ലറ്റിക്സ് കോച്ച് വിസെന്റെ കാൽവോയുടെ കീഴിൽ പരിശീലനം നേടിയിരുന്നു. യുഎഇ സെപല്ലിംഗ് ബീ മത്സരത്തിലും മികവ് കാട്ടിയ ദിയ നാസയുടെ നേതൃത്വത്തിൽ ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെൻ്ററിൽ നടത്തിയ പരിശീലന ക്യാംപിലും പങ്കെടുത്തിട്ടുണ്ട്. പാഠ്യ-പാഠ്യേതര രംഗത്തെ മികവിന് 2022-ലെഷെയ്ഖ ഫാത്തിമ ബിൻത് മുബാറക് അവാർഡും മറ്റ് അനവധി പുരസ്കാരങ്ങളും ഈ മിടുക്കി സ്വന്തമാക്കിയിട്ടുണ്ട്.