ദുബായ്: ഷെയ്ഖ് സായിദ് റോഡിൽ വരാനിരിക്കുന്ന ബുർജ് അസീസി ദുബായ് നഗരത്തിൻ്റെ പുതിയ അടയാളമായി മാറും. ബുർജ് ഖലീഫയ്ക്ക് ശേഷം ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന വിശേഷണം ഇനി ഈ ടവർ ബിൽഡിംഗിന് സ്വന്തമാകും.
725 മീറ്റർ ഉയരത്തിൽ 132 നിലകളിലായി നിർമ്മിക്കുന്ന ഈ അംബരചുംബിയുടെ നിർമ്മാണം 2028-ഓടെ പൂർത്തിയാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ലോകത്തെ ഏറ്റവും ഉയരത്തിലുള്ള ഹോട്ടൽ ലോബി, ഏറ്റവും ഉയരത്തിലുള്ള നൈറ്റ് ക്ലബ്, ഏറ്റവും ഉയർന്ന നിരീക്ഷണ ഡെക്ക്, ഏറ്റവും ഉയർന്ന റസ്റ്റോറൻ്റ്, ഏറ്റവും ഉയർന്ന ഹോട്ടൽ മുറി എന്നിവയെല്ലാം ബുർജ് അസീസിയയിൽ ഉണ്ടാവും.
6 ബില്യൺ ദിർഹം ചെലവ് വരുന്ന ബുർജ് അസീസിയുടെ രൂപകല്പനയും നിർമ്മാണവും നിസ്സാരകാര്യമല്ല. ബുർജ് ഖലീഫ് പോലെ തന്നെ ഒരു വാസ്തുവിദ്യാ വിസ്മയമായിരിക്കും ബുർജ് അസീസിസയെന്നാണ് ആർക്കിടെക്ചറൽ കൺസൾട്ടൻസി സ്ഥാപനമായ AE7 ലെ അതിൻ്റെ പ്രധാന ആർക്കിടെക്റ്റുകൾ ഖലീജ് ടൈംസിനോട് പറഞ്ഞു.
ഒരു സെവൻ സ്റ്റാർ ഹോട്ടൽ; പെൻ്റ്ഹൗസുകൾ, അപ്പാർട്ടുമെൻ്റുകൾ, അവധിക്കാല വസതികൾ എന്നിവ ഉൾപ്പെടുന്ന വസതികൾ; വെൽനസ് സെൻ്ററുകൾ, നീന്തൽക്കുളങ്ങൾ, നീരാവി, സിനിമാശാലകൾ, ജിമ്മുകൾ, മിനി മാർക്കറ്റുകൾ, റസിഡൻ്റ് ലോഞ്ചുകൾ, കുട്ടികളുടെ കളിസ്ഥലം എന്നിവയെല്ലാം ടവറിലുണ്ടാവും. സന്ദർശകർക്ക് മേഘങ്ങൾക്കിടയിൽ ജീവിക്കുന്ന അനുഭവമായിരിക്കും ബുർജ് അസീസിയ സമ്മാനിക്കുകയെന്നാണ് നിർമ്മാതാക്കൾ പറയുന്നത്.
വളരെ വിസ്തൃതമായ ഒഴിഞ്ഞ പ്രദേശത്തായിരുന്നു ബുർജ് ഖലീഫയുടെ നിർമ്മാണം. എന്നാൽ തിരക്കേറിയ ഷെയ്ഖ് സായിദ് റോഡിലാണ് ബുർജ് അസീസി നിർമ്മിക്കുന്നത്. അംബരചുംബികളായ കെട്ടിടങ്ങൾ നിറഞ്ഞ തിരക്കേറിയ പ്രദേശത്താണ് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടവർ ബിൽഡിംഗ് നിർമ്മിക്കുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്.