ദുബായ്: ദുബായിലെ പാർക്കിംഗ് സ്പേസുകളുടെ നടത്തിപ്പിനും ഏകോപനത്തിനുമായി പുതിയ കമ്പനി രൂപീകരിച്ചു. പാർക്കിൻ എന്ന പേരിൽ രൂപീകരിച്ച പുതിയ കമ്പനി സാമ്പത്തികവും ഭരണപരവും നിയമപരവുമായ സ്വയംഭരണം ഉണ്ടായിരിക്കും. 99 വർഷത്തെ കാലാവധിയോടെയാണ് പുതിയ പബ്ലിക് ജോയിൻ്റ് സ്റ്റോക്ക് കമ്പനി രൂപീകരിച്ചിരിക്കുന്നത്.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പാർക്കിൻ സ്ഥാപിക്കുന്നത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
പൊതുപാർക്കിംഗ് ഇടങ്ങൾ ഡിസൈൻ ചെയ്യുക, നിർമ്മിക്കുക, പ്രവർത്തിപ്പിക്കുക, പാർക്കിംഗിനായി പൊതുജനങ്ങൾക്ക് പെർമിറ്റ്നൽകുക. പാർക്കിംഗ് ഫീ ഈടാക്കുക, പാർക്കിംഗ് അനുവദിക്കുക, റിസർവ്വ് ചെയ്യുക തുടങ്ങി എല്ലാ സേവനങ്ങളും കമ്പനിയുടെ ഉത്തരവാദിത്തതിലും നിയന്ത്രണത്തിലുമായിരിക്കും. ഇതിനും പുറമേ അനുബന്ധ ബിസിനസ്സ് പ്രവർത്തനങ്ങൾ നടത്തുവാനും സ്വകാര്യഭൂമിയിൽ പാർക്കിംഗ് സേപ്സ് സ്ഥാപിക്കാനും കമ്പനിക്ക് അധികാരമുണ്ടാവും.
കമ്പനിയുടെ എല്ലാ ഓഹരികളും പൂർണമായും ദുബായ് സർക്കാരിന്റെ ഉടമസ്ഥതയിലാണ്. പൊതു അല്ലെങ്കിൽ സ്വകാര്യ സബ്സ്ക്രിപ്ഷൻ വഴി മൂന്നാം കക്ഷികൾക്ക് കൈമാറാവുന്ന ഷെയറുകളുടെ ശതമാനം നിർണ്ണയിക്കാൻ ദുബായിലെ എക്സിക്യൂട്ടീവ് കൗൺസിലിന് അധികാരമുണ്ട്. അതേസമയം അതിന്റെ ഓഹരി ഉടമകളുടെ ഉത്തരവാദിത്തം അവരുടെ ഉടമസ്ഥതയിലുള്ള ഓഹരികളുടെ മൂല്യത്തിൽ പരിമിതപ്പെടുത്തിയിരിക്കുന്നു. കമ്പനിയിൽ ഓഹരികൾ സ്വന്തമാക്കാൻ വ്യക്തികൾക്ക് അവസരമുണ്ടാവും. എന്നാൽ ഓഹരി വിൽപനയിൽ ദുബായ് സർക്കാരിന്റെ ഉടമസ്ഥാവകാശം കമ്പനിയുടെ മൂലധനത്തിന്റെ 60 ശതമാനത്തിൽ താഴെയാകരുതെന്ന് ചട്ടമുണ്ട്.
ആർടിഎയിൽ നിന്ന് പാർക്കിലേക്ക് ചില ജീവനക്കാരെ മാറ്റാൻ നിയമത്തിൽ വ്യവസ്ഥയുണ്ട്. ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പാർക്കിന്റെ ഡയറക്ടർ ബോർഡ് രൂപീകരിച്ച് പ്രമേയം പുറത്തിറക്കി. ബോർഡിന്റെ അധ്യക്ഷനായി അഹമ്മദ് ഹാഷിം ബഹ്റോസിയനും വൈസ് ചെയർമാനായി അഹമ്മദ് ഹസൻ മഹ്ബൂബും പ്രവർത്തിക്കും.
