ദുബായ്: സന്ദർശക വിസയിൽ എത്തുന്നവരെ ജോലിക്കു വെക്കുകയും ശമ്പളം നൽകാതെ അവരെ വഞ്ചിക്കുകയും ചെയ്യുന്ന സംഭവം ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ തൊഴിൽ നിയമങ്ങൾക്ക് ഭേദഗതി വരുത്തി ദുബായ്. ഇത്തരത്തിൽ തൊഴിൽ അനുമതി ഇല്ലാതെ ആളുകളെ ജോലിക്ക് നിയോഗിക്കുന്നത് പിടിക്കപ്പെട്ടാൽ കമ്പനികൾ കടുത്ത നിയമ നടപടികൾ നേരിടേണ്ടി വരും. സന്ദർശക വിസയിൽ എത്തുന്നവർക്ക് യു.എ.ഇയിൽ ജോലി ചെയ്യാൻ അനുമതിയില്ല,എന്നാൽ തൊഴിൽ അന്വേഷണത്തിന്റെ ഭാഗമായി വിസിറ്റ് വിസയിലുളളവർ ജോലികൾ അന്വേഷിക്കുന്നതും ജോലിയിൽ കയറുന്നതും പുതിയ കാര്യമല്ല. ചില കമ്പനികൾ വിസ നൽകി തൊഴിലാളികളെ നിലനിർത്തുമെങ്കിലും പലരും കബളിപ്പിക്കാനാണ് ശ്രമിക്കുക.
പുതിയ നിയമം എത്തുന്നതോടെ സന്ദർശകവിസയിൽ എത്തുന്നവർ നേരിടേണ്ടി വരുന്ന ചൂഷണം കുറയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.വർക്ക് പെർമിറ്റ് ഇല്ലാതെ ജോലി ചെയ്യുന്നതിന് നിലവിൽ 50,000 മുതൽ 2 ലക്ഷം ദിർഹം വരെയാണ് പിഴ ലഭിച്ചിരുന്നത്. പുതിയ നിയമ ഭേദഗതിയോടെ രണ്ടിരട്ടി വർധനവാണ് ഉണ്ടായിരിക്കുന്നത്. കമ്പനി ജോലികൾക്കായി തൊഴിലാളികൾ സന്ദർശക വിസയിലെത്തരുതെന്നും എൻട്രി പെർമിറ്റ് ഉണ്ടോയെന്ന് ഉറപ്പുവരുത്തണമെന്നും അധികൃതർ വ്യക്തമാക്കി. മാനവ വിഭവ മന്ത്രാലയത്തിന്റെ ഓഫർ ലെറ്റർ ലഭിക്കാതെ വിസിറ്റ് വിസയിലുളളവർ ജോലി ചെയ്യാൻ പാടില്ല എന്ന മുന്നറിയിപ്പ് ഉണ്ടായിരിക്കെ ഇത്തരത്തിലുളള നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ കടുത്ത പിഴ ശിക്ഷയ്ക്കു പുറമെ മറ്റു നിയമ നടപടികളും കമ്പനികൾ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പു നൽകി.
തൊഴിൽ തേടിയെത്തുന്നവരിൽ പലരുടെയും അവസ്ഥ പരിതാപകരമാണെങ്കിലും സന്ദർശക വീസയിൽ തൊഴിൽ ചെയ്ത കുറ്റതിന് നടപടി നേരിടേണ്ടി വരുമെന്നതു കാരണം പലരും പരാതി നൽകാൻ മുതിരാറില്ല.
[2:05 pm, 20/8/2024] Kavya: