ധാക്ക: അധികാരത്തിൽ തുടരാനും പ്രക്ഷോഭം നേരിടാനും അവസാന നിമിഷം വരെ ബംഗ്ലാദേശ് മുൻപ്രധാനമന്ത്രി ഷെയ്ഖ് ഹസീന ശ്രമിച്ചതായി റിപ്പോർട്ട്. ബംഗ്ലാദേശ് മാധ്യമമായ പ്രോതോം ആലോ ആണ് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. സൈന്യത്തിനോ പൊലീസിനോ കൈകാര്യം ചെയ്യുന്നതിനും അപ്പുറത്താണ് ജനരോഷമെന്ന് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കിയെങ്കിലും ഹസീന വിട്ടുകൊടുക്കാൻ തയ്യാറായില്ല. ഒടുവിൽ ഹസീനയുടെ ജീവൻ തന്നെ അപകടത്തിലാണെന്ന് കുടുംബത്തെ ബോധ്യപ്പെടുത്തിയതോടെയാണ് അവർ രാജിവയ്ക്കാനും രാജ്യം വിടാനും തയ്യാറായത്.
കഴിഞ്ഞ മൂന്നാഴ്ചയായി ബംഗ്ലാദേശിൽ ഉടനീളം വിദ്യാർത്ഥി സംഘടനകളും യുവാക്കളും ഷെയ്ഖ് ഹസീനയ്ക്ക് എതിരെ പ്രക്ഷോഭത്തിലായിരുന്നു. സൈന്യത്തേയും പൊലീസിനേയും സ്വന്തം പാർട്ടിയായ അവാമി ലീഗിൻ്റെ പ്രവർത്തകരേയും ഇറക്കി പ്രക്ഷോഭം നേരിടാനായിരുന്നു ഈ ദിവസങ്ങളിൽ ഷെയ്ഖ് ഹസീന ശ്രമിച്ചത്. ഇതു പലപ്പോഴും വലിയ സംഘർഷങ്ങളിലേക്കും നൂറുകണക്കിന് പ്രക്ഷോഭകാരികളുടെ മരണത്തിലേക്കും നയിച്ചു. ഏറ്റവും ഒടുവിൽ ഞായറാഴ്ചയാണ് തലസ്ഥാനമായ ധാക്കയിലേക്ക് വിദ്യാർത്ഥി സംഘടനകൾ ലോംഗ് മാർച്ച് പ്രഖ്യാപിച്ചത്.
ബംഗ്ലാദേശിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് പേരാണ് ഞായറാഴ്ച ധാക്കയുടെ പ്രാന്തപ്രദേശങ്ങളിലെത്തിയത് ഇവരെ തടയാൻ പൊലീസ് നടത്തിയ ശ്രമം സംഘർഷത്തിൽ കലാശിച്ചു. 98 പേരാണ് ഞായറാഴ്ച മാത്രം സംഘർഷത്തിൽ കൊല്ലപ്പെട്ടത്. ഇൻ്റർനെറ്റ് റദ്ദാക്കിയിട്ട് പോലും ഈ മരണങ്ങൾ പ്രക്ഷോഭം ആളിക്കത്തിച്ചു. തിങ്കളാഴ്ച പകലോടെ ധാക്കയുടെ പ്രധാനനിരത്തുകളെല്ലാം പ്രക്ഷോഭകരുടെ നിയന്ത്രണത്തിലായി.
തിങ്കളാഴ്ച രാവിലെ പത്തരയ്ക്കും സുരക്ഷാസേനകളുടെ തലവൻമാരെ വിളിച്ചു വരുത്തി പ്രധാനമന്ത്രി സമരക്കാരെ ശക്തമായി നേരിടുകയെന്ന നിർദേശമാണ് നൽകിയത്. എന്നാൽ അതിനോടകം രാജ്യതലസ്ഥാനം സമരക്കാരാൽ നിറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഗോനോഭോബനിലേക്ക് അവർ കൂട്ടമായി നീങ്ങാൻ തുടങ്ങിയിരുന്നു.
ഞായറാഴ്ചയോടെ തന്നെ കാര്യങ്ങൾ കൈവിട്ടു പോയെന്ന് സർക്കാരിലും അവാമി ലീഗിലുമുള്ളവർക്കെല്ലാം മനസ്സിലായി. എന്നാൽ ഷെയ്ഖ് ഹസീന അപ്പോഴും പിന്മാറാൻ തയ്യാറായിരുന്നില്ല. സൈന്യത്തിന് അധികാരം കൈമാറി രാജി പ്രഖ്യാപിക്കണമെന്ന് ഞായറാഴ്ച രാത്രി തന്നെ അവാമി ലീഗ് നേതാക്കൾ ഷെയ്ഖ് ഹസീനയോട് ആവശ്യപ്പെട്ടു എന്നാൽ അവർ ആവശ്യം തള്ളി. പകരം തിങ്കളാഴ്ച മുതൽ കർഫ്യൂ ശക്തമാക്കാനും സകല വ്യാപാരസ്ഥാപനങ്ങളും ഓഫീസുകളും അടച്ചുപൂട്ടി സമരക്കാരെ നേരിടാനുമായിരുന്നു അവരുടെ നിർദേശം. എന്നാൽ കർഫ്യൂ നിർദേശം പാടെ തള്ളി തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടെ ധാക്കയിലെ റോഡുകൾ മുഴുവൻ പ്രക്ഷോഭകർ കീഴടക്കി.
രാവിലെ പത്തരയോടെ കര,നാവിക,വ്യോമ സേനാ മേധാവിമാരും പൊലീസ് മേധാവിയും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് എത്തി. കർഫ്യു നടപ്പാക്കുന്നതിൽ പരാജയപ്പെട്ട സേനമേധാവിമാരോട് ഷെയ്ഖ് ഹസ്സീന കുപിതയായി. സുരക്ഷാസേനകളുടെ ഓഫീസുകളും വാഹനങ്ങളും സമരക്കാർ ആക്രമിക്കുമ്പോൾ തിരിച്ചടിക്കാൻ ശ്രമിക്കാതിരുന്നതിനെ അവർ വിമർശിച്ചു. ഉത്തരവാദിത്തപ്പെട്ട പദവികളിൽ നിങ്ങളെ നിയമിച്ചിട്ടും വിശ്വാസം തെറ്റിച്ചെന്ന് അവർ സേനാമേധാവികളോട് പരാതിപ്പെട്ടു.
എന്നാൽ ഒരു തരത്തിലും പ്രതിരോധിക്കാനോ നേരിടാനോ സാധിക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയെന്ന് പൊലീസ് മേധാവി ഷെയ്ഖ് ഹസീനയോട് പറഞ്ഞു. ഇത്രയും ദിവസം പ്രകോപിതരായ ജനക്കൂട്ടത്തെ നേരിടുന്നതിലുള്ള ബുദ്ധിമുട്ടും അദ്ദേഹം വിശദീകരിച്ചു. സേനകൾക്ക് ഒറ്റയ്ക്ക് നേരിടാൻ പറ്റിയ സാഹചര്യമല്ല ഇതെന്നും സൈനിക മേധാവിമാർ പ്രധാനമന്ത്രിയെ അറിയിച്ചു. എന്നാൽ ഈ ഘട്ടത്തിലും ഉദ്യോഗസ്ഥരെ തള്ളിപ്പറയുകയാണ് പ്രധാനമന്ത്രി ചെയ്തത്.
ഷെയ്ഖ് ഹസീനയെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ സാധിക്കാതെ വന്നതോടെ അവരുടെ ഇളയ സഹോദരി റഹാനയെ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്താനായി ഉദ്യോഗസ്ഥരുടെ ശ്രമം. റഹാന രാജിവയ്ക്കാൻ ആവശ്യപ്പെട്ടെങ്കിലും ഹസീന ആവശ്യം നിരസിച്ചു. ഇതേ തുടർന്ന് ഒരു ഉന്നത ഉദ്യോഗസ്ഥൻ ഹസീനയുടെ മകൻ സജീബ് വസീദ് ജോയിയുമായി സംസാരിച്ചു. വിദേശത്തുള്ള സജീബ് ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് കൂടിയായിരുന്നു. സ്ഥിതിഗതികളുടെ ഗുരുതരാവസ്ഥ മനസ്സിലാക്കിയ ജോയിയാണ് പിന്നീട് ഷെയ്ഖ് ഹസീനയെ ഫോണിൽ വിളിച്ച് രാജിവയ്ക്കാൻ പ്രേരിപ്പിച്ചത്. ഒടുവിൽ മകനെ അനുസരിച്ച് രാജിവയ്ക്കാൻ ഷെയ്ഖ് ഹസീന തയ്യാറായി.
രാജിയ്ക്ക് മുൻപായി ബംഗ്ലാദേശ് ജനങ്ങൾക്കായി ഒരു വീഡിയോ സന്ദേശം റെക്കോർഡ് ചെയ്തു സംപ്രേക്ഷണം ചെയ്യാൻ ഷെയ്ഖ് ഹസ്സീന ആവശ്യപ്പെട്ടെങ്കിലും അതു നടന്നില്ല. തലസ്ഥാനത്ത് നിന്നും ഒരു കൂട്ടം വിദ്യാർത്ഥികൾ പ്രധാനമന്ത്രിയുടെ ഓഫീസ് ലക്ഷ്യമാക്കി നീങ്ങുന്നുവെന്ന വിവരം അതിനോടകം ഇൻ്റലിജൻസ് ഏജൻസികൾ സുരക്ഷസേന മേധാവിമാരെ അറിയിച്ചു. 45 മിനിറ്റിനുള്ളിൽ ജനക്കൂട്ടം പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് എത്തും എന്നായിരുന്നു വിവരം. ഇതോടെ എത്രയും പെട്ടെന്ന് ഷെയ്ഖ് ഹസീനയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനായിരുന്നു ഉദ്യോഗസ്ഥരുടെ ശ്രമം. 45 മിനിറ്റിനകം വസതിയിൽ നിന്നും മാറണമെന്ന് സുരക്ഷാ സേനകൾ ഷെയ്ഖ് ഹസീനയോട് ആവശ്യപ്പെട്ടു.
ഇതോടെ സഹോദരിക്കൊപ്പം തെജഗോണ് എയർബേസിൽ എത്തിയ ഷെയ്ഖ് ഹസീന അവിടെ നിന്നും ബംഗ്ലാദേശ് പ്രസിഡൻ്റിൻ്റെ ഔദ്യോഗിക വസതിയിലേക്ക് എത്തി രാജിക്കത്ത് നൽകി. ഇവിടെ നിന്നും വീണ്ടും ഹെലികോപ്റ്റിൽ കയറിയ ഷെയ്ഖ് ഹസീന അന്താരാഷ്ട്ര അതിർത്തി കടന്ന ത്രിപുരയിലെ അഗർത്തലയിൽ എത്തി. ഇവിടേക്ക് എത്തിയ ബംഗ്ലാദേശ് സൈനിക വിമാനത്തിലാണ് അവർ ഹിൻഡോണ് വിമാനത്താവളത്തിലേക്ക് പോയത്.