ഡൽഹി: വിദേശ സന്ദർശനത്തിന് മുന്നോടിയായിട്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയിൽ അമേരിക്കൻ നാടുകടത്തൽ പരാമർശിച്ചില്ല. പ്രധാനമന്ത്രിയുടെ ഫ്രാൻസ്, യു.എസ്. സന്ദർശനം ഇന്ന് ആരംഭിക്കും. ഫെബ്രുവരി 10-12 തീയതികളിൽ ഫ്രാൻസിൽ നടക്കുന്ന എ.ഐ. ആക്ഷൻ ഉച്ചകോടിയിൽ മോദി പങ്കെടുക്കും. ഉച്ചകോടിയുടെ സഹ അധ്യക്ഷസ്ഥാനവും ഇന്ത്യക്കാണ്.ഇന്ത്യ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തുന്നത് മുൻനിർത്തി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി മോദി ചർച്ച നടത്തും.
ശേഷം മാർസേയ് നഗരത്തിലെ പുതിയ ഇന്ത്യൻ കോൺസുലേറ്റിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും.’എൻറെ സുഹൃത്തായ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയെ പ്രതീക്ഷയോടെയാണ് കാണുന്നത്. ട്രംപിന്റെ ചരിത്രപരമായ വിജയത്തിനു ശേഷം നടക്കുന്ന ആദ്യത്തെ കൂടിക്കാഴ്ചയാണിത്. ട്രംപിന് ആദ്യ ഭരണകാലത്ത്, അദ്ദേഹവുമായി ചേർന്ന് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സമഗ്രമായ നയതന്ത്ര സഹകരണം സ്ഥാപിക്കാൻ കഴിഞ്ഞത് വളരെ ഊഷ്മളമായ അനുഭവമായിരുന്നു.
ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ അഭിവൃദ്ധിക്കായും ലോകത്തിന്റെ മികച്ച ഭാവിക്കായും ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് പ്രവർത്തിക്കും’, മോദി യു.എസ് സന്ദർശനത്തിന് മുന്നോടിയായി പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.