അമേരിക്ക: ഡൊണാൾഡ് ട്രംപ് അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം ആദ്യമായാണ് ഇന്ത്യയിലേക്കുള്ള നാടുകടത്തൽ നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും നടത്തിയ സംഭാഷണത്തിനിടെ ട്രംപും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും യുഎസിലേക്കുള്ള ഇന്ത്യക്കാരുടെ അനധികൃത കുടിയേറ്റത്തെക്കുറിച്ച് ആശങ്ക ഉന്നയിച്ചിരുന്നു. അമേരിക്കയില്‍ നിന്നുള്ള നാടുകടത്തലിന്റെ ഒന്നാം ഘട്ടമായി 205 പേരടങ്ങുന്ന ഇന്ത്യന്‍ സംഘത്തെ അമേരിക്കയില്‍നിന്ന് അയച്ചതായാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ സൈനിക വിമാനമായ സി-17 എയര്‍ക്രാഫ്റ്റിലാണ് ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാരെ അയച്ചത്. എന്നാല്‍, കുടിയേറ്റക്കാരെ വഹിച്ചുള്ള വിമാനം ഇതുവരെയും ഇന്ത്യയില്‍ എത്തിയിട്ടില്ല.
അമേരിക്ക തയാറാക്കിയിട്ടുള്ള അനധികൃത കുടിയേറ്റക്കാരുടെ പ്രാഥമിക പട്ടികയില്‍ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ട്. മൊത്തം 15 ലക്ഷം പേരാണ് പട്ടികയിലുള്ളത്. എന്നാല്‍, 7.25 ലക്ഷം ഇന്ത്യക്കാര്‍ അനധികൃതമായി അമേരിക്കയില്‍ താമസിക്കുന്നുണ്ടെന്നാണ് സൂചന.യു.എസില്‍നിന്നും ഇന്ത്യയിലേക്ക് നാടുകടത്തുന്നവരുടെ കൃത്യമായ എണ്ണം ഔദ്യോഗികമായി ലഭ്യമായിട്ടില്ലെന്നും ആ വിവരങ്ങള്‍ പരിശോധിച്ച് വരികയാണെന്നുമാണ് വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ മുമ്പ് പറഞ്ഞത്.
സാധുവായ രേഖകളില്ലാതെ അമേരിക്കയില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് തിരിച്ചെത്തുന്നതില്‍ തടസ്സമില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു.