ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിൽ കാർ റോഡിലുപേക്ഷിച്ച് രോഗിക്ക് വേണ്ടി ആശുപത്രിവരെ ഓടിയ ഡോക്ടർ വൈറലായി. സർജാപുര റോഡ് മണിപ്പാൽ ആശുപത്രിയിലെ ഗാസ്ട്രോ എൻട്രോളജിസ്റ്റായ ഡോക്ടർ ഗോവിന്ദ് നന്ദകുമാറാണ് ശസ്ത്രക്രിയ്യ കാത്ത് കിടക്കുന്ന രോഗിയ്ക്ക് വേണ്ടി മൂന്നര കിലോമീറ്ററോളം ഓടി ആശുപത്രിയിൽ എത്തിയത്.
പിത്താശയ രോഗം മൂലം കഠിനമായ വേദനയനുഭവിക്കുന്ന ഒരു രോഗിയ്ക്കാണ് ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. എന്നാൽ ആശുപത്രിയിലേക്കെത്താന്‍ 10 മിനിറ്റ് മാത്രം ശേഷിക്കേ ഡ്രൈവർ ഓടിച്ചിരുന്ന കാർ സർജാപുര– മാറത്തഹള്ളി റോഡിലെ ട്രാഫിക്കിൽ കുടുങ്ങി. ബ്ലോക്കിൽപ്പെട്ടതോടെ ഈ ദൂരം പിന്നിടാൻ 45 മിനിറ്റെങ്കിലും വേണ്ടിവരുമെന്നു മനസ്സിലാക്കിയ ഡോക്ടര്‍ കാറിൽ നിന്നിറങ്ങി ആശുപത്രിയിലേക്ക് ഓടുകയായിരുന്നു.
“ഡ്രൈവര്‍ ഉണ്ടായിരുന്നതുകൊണ്ട് കാര്‍ അവിടെ ഉപേക്ഷിച്ച് എനിക്ക് ഓടാന്‍ സാധിച്ചു . സ്ഥിരമായി വ്യായാമം ചെയ്യുന്നതിനാല്‍ ഓടുക എന്നത് ഈസി ടാസ്ക് ആയിരുന്നു. മൂന്നു കിലോമീറ്റര്‍ ഓടി ആശുപത്രിയില്‍ എത്തിയപ്പോഴേക്കും ശസ്ത്രക്രിയക്ക് സമയമാവുകയും ചെയ്തു” ഡോക്ടര്‍ പറയുന്നു. ഇടയ്ക്കിടെയുണ്ടാവുന്ന ഗതാഗതക്കുരുക്ക് മൂലം ബെംഗളൂരുവിലെ പല സ്ഥലങ്ങളിലും കാല്‍നടയായി യാത്ര ചെയ്യേണ്ടി വന്നിട്ടുള്ളയാളാണ് ഗോവിന്ദ്.
രോഗികളെ പരിചരിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ജീവനക്കാരും ആശുപത്രിയിൽ ഉള്ളതിനാൽ അധികം ഉത്കണ്ഠപ്പെടേണ്ടിവന്നില്ല. എന്നാല്‍ അടിസ്ഥാനസൗകര്യങ്ങൾ വേണ്ടത്രയില്ലാത്ത ചെറിയ ആശുപത്രികളുടെ സ്ഥിതി സമാനമാകണമെന്നില്ല. രോഗികളും അവരുടെ കുടുംബങ്ങളും ദൈവത്തിനു തുല്യമായാണ് ഒരു ഡോക്ടറെ കാണുന്നത്. അത്കൊണ്ട് തന്നെ രോഗിയുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർക്കുള്ള കടമയും വലുതാണ് – ഗോവിന്ദ് കൂട്ടിചേർത്തു. ശസ്ത്രക്രിയക്ക് വിധേയനായ രോഗി സുഖം പ്രാപിച്ചുവരികയാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.