മുംബൈ: ഇന്ത്യൻ ഒടിടി വ്യവസായത്തിൽ പുതിയ മാറ്റങ്ങൾക്ക് വഴിയൊരുക്കി റിലയൻസ് ഇൻഡസ്ട്രീസ്. ഇന്ത്യയിലെ പ്രധാന ഒടിടി പ്ലാറ്റ്ഫോമിൽ ഒന്നായ ഹോട്ട് സ്റ്റാറിനെ ജിയോ സിനിമയിൽ ലയിപ്പിക്കാനാണ് കമ്പനിയുടെ നീക്കമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
ജിയോ സിനിമയേക്കാൾ സബ്സ്ക്രിപ്ഷൻ ഉള്ളത് ഹോട്ട് സ്റ്റാറിനാണെങ്കിലും രണ്ട് ഒടിടി പ്ലാറ്റ്ഫോമുകൾ നിലനിർത്തി കൊണ്ടു പോകാനുള്ള ചിലവ് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് റിലയൻസ് ഹോട്ട് സ്റ്റാറിനെ ജിയോ സിനിമയിലേക്ക് ലയിപ്പിക്കുന്നത് എന്നാണ് സൂചന. ഹോട്ട്സ്റ്റാറിനെ ജിയോയുടെ കീഴിൽ റീബ്രാൻഡ് ചെയ്യും എന്നാണ് പൊതുവേ കരുതിയിരുന്നത്. എന്നാൽ ഹോട്ട് സ്റ്റാർ സേവനം അവസാനിപ്പിച്ച് കണ്ടൻ്റുകൾ ജിയോ സിനിമയിലേക്ക് മാറ്റാനുള്ള റിലയൻസിൻ്റെ തീരുമാനം ഒടിടി രംഗത്ത് പല മാറ്റങ്ങൾക്കും വഴി തുറന്നേക്കാം.
പ്ലേസ്റ്റോറിൽ അഞ്ഞൂറ് കോടിയിലേറെ പേർ ഡൌണ്‍ലോഡ് ചെയ്ത ആപ്പാണ് ഹോട്ട് സ്റ്റാർ. റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ഉടമസ്ഥതയിലുള്ല വിയാകോം18 ൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ഒടിടി പ്ലാറ്റ്ഫോമാണ് ജിയോ സിനിമ. പത്ത് കോടിയിലറെ പേരാണ് നിലവിൽ ജിയോ സിനിമ ഉപയോഗിക്കുന്നത്. ഇന്ത്യയിൽ സ്റ്റാർ ഇന്ത്യയെ 8.5 ബില്ല്യണ്‍ യുഎസ് ഡോളർ ഇടപാടിലൂടെയാണ് റിലയൻസ് സ്വന്തമാക്കിയത്.
നൂറിലേറെ ചാനലുകളും രണ്ട് സ്ട്രീമിംഗ് സർവ്വീസുകളും സ്റ്റാർ ഇന്ത്യയ്ക്ക് സ്വന്തമായുണ്ട്. മലയാളത്തിൽ ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് മൂവീസ്, ഏഷ്യാനെറ്റ് പ്ലസ് തുടങ്ങിയവ സ്റ്റാർ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ചാനലുകളാണ്. ഡിസ്നി ഹോട്ട് സ്റ്റാർ ആപ്പിലെ കണ്ടൻ്റുകൾ ജിയോ സിനിമയിലേക്ക് ലയിപ്പിച്ച് അതിനെ യൂട്യൂബ്, നെറ്റ്ഫിള്കിസ്,ആമസോണ്‍ പ്രൈം എന്നിവയോട് മത്സരിക്കാൻ പാകത്തിൽ വളർത്തിയെടുക്കാനാണ് റിലയൻസ് പദ്ധതിയിടുന്നത്.