തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണം തുടങ്ങി മൂന്നാം ദിവസവും പ്രതിസന്ധി തുടരുന്നു. ട്രഷറിയിൽ നിന്ന് പണം പിൻവലിക്കുന്നതിന് നിയന്ത്രണത്തിന് ഒപ്പം ശമ്പള വിതരണവും ഭാഗികമായേ ഇപ്പോഴും നടക്കുന്നുള്ളു എന്നാണ് വിവരം. അധ്യാപകർക്കും ആരോഗ്യ പ്രവർത്തകർക്കും ഇതുവരേയും ശമ്പളം കിട്ടിയിട്ടില്ല.
ശമ്പള വിതരണം ഉടൻ പൂർത്തിയാക്കിയില്ലെങ്കിൽ ഡ്യൂട്ടി ബഹിഷ്കരിക്കുമെന്ന് കേരള ഗവ. നഴ്സസ് യൂണിയൻ സര്‍ക്കാരിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശമ്പളം വിതരണം ചെയ്യാൻ സ്പീക്കർ ഇടണമെന്നും അതല്ലെങ്കിൽ ജോലി ബഹിഷ്കരിക്കേണ്ടി വരുമെന്നും നിയമസഭാ ജീവനക്കാരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം കേരളത്തിന് 13600 കോടി കടമെടുക്കാൻ സുപ്രീംകോടതി അനുമതി നൽകി. കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്ത് കേരളം സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിർണായക വിധി. ഹർജി പിൻവലിക്കാന വ്യവസ്ഥ വച്ച കേന്ദ്രസർക്കാർ നടപടിയെ സുപ്രീംകോടതി വിമർശിച്ചു. ഹർജി പിൻവലിച്ചാൽ അടിയന്തിരമായി 13000 കോടി അനുവദിക്കാമെന്ന കേന്ദ്ര നിർദ്ദേശം കേരളം നേരത്തെ തള്ളിയിരുന്നു. കേസുമായി സുപ്രീംകോടതിയെ സമീപിക്കാൻ കേരളത്തിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സൂര്യ കാന്ത്, കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് കേരളത്തിന്റെ ഹർജി പരിഗണിച്ചത്.