പെന്ഷന് മുടങ്ങിയ പെന്ഷന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് കത്തെഴുതിയ ഭിന്നശേഷിക്കാരനായ വയോധികന് തൂങ്ങിമരിച്ചു. സാമ്പത്തിക പ്രതിസന്ധി താങ്ങാനാവാതെ വന്നതോടെയാണ് തൂങ്ങിമരിച്ചതെന്നാണ് വിവരം. ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാട് വളയത്ത് ജോസഫിനെയാണ് ഉച്ചയോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മുടങ്ങിയ പെന്ഷന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജോസഫ് മന്ത്രിക്കും ജില്ലാ കളക്ടര്‍ക്കും പെരുവണ്ണാമൂഴി പൊലീസിലും പഞ്ചായത്ത് സെക്രട്ടറിക്കുമൊക്കെ പരാതി നല്‍കിയിരുന്നു. ഭിന്നശേഷിക്കാരിയായ തന്റെ മകളുടെയും തന്റെയും മുടങ്ങികിടക്കുന്ന പെന്ഷന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് നല്‍കിയത്. 15 ദിവസത്തിനകം അനുവദിച്ചില്ലെങ്കില്‍ പഞ്ചായത്ത് ഓഫീസില്‍ തൂങ്ങി മരിക്കുമെന്നും അറിയിച്ചിരുന്നു.
മൂത്ത മകള്‍ ജിന്‍സി കിടപ്പുരോഗിയാണെന്നും സഹായത്തിന് ആരുമില്ലെന്നും വടിയുടെ സഹായത്തോടെയാണെന്നും പലരോടും കടം വാങ്ങിയാണ് ജീവിക്കുന്നതെന്നും കടം വാങ്ങി മടുത്തുവെന്നും ജോസഫ് കത്തില്‍ എഴുതിയിരുന്നു. 15 ദിവസത്തിനകം തന്റെയും മകളുടെയും മാസങ്ങളായി മുടങ്ങിയ പെന്ഷന് തുക 15 ദിവസത്തിനകം അനുവദിച്ചില്ലെങ്കില്‍ പഞ്ചായത്ത് ഓഫീസില്‍ ആത്മഹത്യ ചെയ്യുമെന്നും പഞ്ചായത്ത് സെക്രട്ടറിക്ക് എഴുതിയ കത്തില്‍ പറയുന്നുണ്ട്.
ഭിന്നശേഷിക്കാരിയും കിടപ്പു രോഗിയുമായ മകളെ അനാഥാലയത്തിലാക്കിയിരുന്നു. ഒരു വര്‍ഷം മുന്‍പ് ഭാര്യയും മരിച്ച ജോസഫ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോയത്.